Saturday, November 20, 2010

പറമ്പിക്കുളം

പറമ്പിക്കുളത്തു ആദ്യം കണ്ടതിവനെ ( ഏ?? ഇവനോ ഇവളോ? എസ്കൈറ്റ്മെന്റില്‍ അതു നോക്കാന്‍ വിട്ടു) ഡാമിനേതാണ്ടൊരു കി.മീ അകലെ അലഞ്ഞു തിരിഞ്ഞു വന്നു പെട്ടതാണത്രേ. ആനക്കൂട്ടത്തില്‍ ഇങ്ങനെ സംഭവിക്കുക അപൂര്‍വമാണു്. കൂട്ടം തെറ്റിയ കുഞ്ഞിനെ ഏതുവിധത്തിലും അവരന്വേഷിച്ചു കണ്ടു പിടിക്കും. അതിന്റെ തള്ളപ്പിടി മരിച്ചു പോയെങ്കില്‍ തന്നെ അക്കൂട്ടത്തിലെ നഴ്സ് അതിനെ സംരക്ഷിക്കും. ഇവനെ കണ്ടുകിട്ടുമ്പോള് 45 ദിവസം പ്രായമായിരുന്നു. ഞാന്‍ കാണുമ്പോള്‍ രണ്ടര മൂന്നു മാസമായി. രണ്ടായിരം രൂപയുടെ ഡെയ്ലി കണ്‍സമ്പ്ഷനാണെങ്കിലും ആനവളര്‍ത്തല്‍ കേന്ദ്രത്തിലെത്തിക്കുന്നതിനുള്ള കടലാ‍സുകള്‍ ശരിയാകുന്നതു വരെ ഇവിടെ കഴിഞ്ഞേ പറ്റൂ.



പറമ്പിക്കുളത്തു നിന്നും ചാലക്കുടി ( ആനപ്പന്തം) വരെ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ബ്രിട്ടീഷുകാര്‍ തീര്‍ത്ത ട്രാംവേയിലിപ്പോള്‍ വേ മാത്രമേയുള്ളൂ. ട്രാ‍മുമില്ല ട്രാക്കുമില്ല. പാളം പിഴുതു പോയ കുരിയാര്‍കുറ്റി പാലത്തിന്റെ പടം നോക്കൂ.


1933-ല്‍ ഡോ. സലിം അലിയും ഭാര്യയും പറമ്പിക്കുളത്തു വന്നു താമസിച്ചു് പക്ഷികളെക്കുറിച്ചു പഠിച്ചിരുന്നു . അപ്പോഴെടുത്ത പടവും ഇപ്പഴുള്ള മുഖവും നോക്കൂ.


പാളവും മറ്റും പണിഞ്ഞതു് തടികടത്താനാണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. അക്കൂട്ടത്തിലൊരു തേക്കിനെ വിട്ടുകളഞ്ഞതിനിപ്പോ 450 വര്‍ഷമാണത്രേ പ്രായം. ഇതിനെ വെട്ടാ‍നൊരുമ്പെട്ടപ്പോള്‍ രക്തം പൊടിഞ്ഞതായാ‍ണു് ഐതിഹ്യം. കാടര്‍ ( അവിടെ ഇപ്പഴുള്ള ട്രൈബ്) അതിനെ കന്നിമരമെന്നു വിളിച്ചു. അതിന്റെ പടം എടുത്തപ്പഴേക്കും വൈകുന്നേരമായിരുന്നു.



പ്രമാണകോടിയെപ്പറ്റി എം ടി പറഞ്ഞതു പോലാണീ സ്ഥലം. ഒന്നര ദിവസമേ അവിടേയുണ്ടായിരുന്നുള്ളുവെങ്കിലും ഒരാണ്ടത്തേക്കുള്ള ഊര്‍ജ്ജം കിട്ടി.










കാമറ് നിക്കണ്‍ ഡി 5000. കിട്ടിയിട്ടു് പത്തമ്പതു ദിവസമേ ആയുള്ളൂ. പണി പഠിച്ചു വരുന്നേയുള്ളൂ. ഗുരുവിനൊഴിവില്ല. എന്നാലും അവിടെ കണ്ട മൃഗങ്ങളുടെ ഓരോ സാമ്പിള്‍ ചുവടെ.






ഇവളിതെന്നാ ഭാവിച്ചാ‍?



ഇതല്ലാതെ ഭാഗ്യം തുണച്ച ഒരു പടം കൂടെ. കൈയിലുള്ള 70-300 ലെന്‍സില്‍ മാനുവല്‍ ഫോക്കസേ നടക്കൂ. ഇവരടികൂടിയതൊരു 2 മിനിറ്റു നേരം മാത്രം അതിനിടയില്‍ ദിങ്ങനെ ഒരു കാഴ്ച കിട്ടി. ഊക്കായി. ല്ലേ? ;)



From Parambikkulam

Sunday, February 22, 2009

ഹിബ

മീറ്റിനു പോയപ്പോ ക്യാമറ എടുത്തില്ല. അതു നന്നായി. അവിടെ ഫോട്ടോഗ്രാഫര്‍മാരുടെ സംസ്ഥാനസമ്മേളനമായിരുന്നു. പക്ഷേ അവിടെ കുട്ടികളേയും വെയിലും കണ്ടപ്പോള്‍ ഫീലിങ്സായി. തിരിച്ചെത്തിയിട്ടും കലിപ്പു തീര്‍ന്നില്ല. അടുത്ത വീട്ടിലെ പെണ്‍കുട്ടിയെ വിളിച്ചെറക്കി വെയിലത്തു നിര്‍ത്തി പടമെടുത്തു.

അവള്‍ക്കതിഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു :(



ഹേയ് അങ്ങനെയൊന്നുമില്ല

Wednesday, November 26, 2008

രണ്ടു മുഖങ്ങള്‍




Tuesday, November 25, 2008

കാണും കേള്‍ക്കും മിണ്ടും



ഇരട്ട കഴിഞ്ഞു. ഇനി മുറ്റ.

Saturday, November 22, 2008

പുള്ളിപ്പാവാടക്കാരി



ഇരട്ട സീരീസില്‍ ഒരു പടം കൂടി.

Thursday, November 20, 2008

Wednesday, November 19, 2008

നേരമ്പോക്കു്



കാണാന്‍ പാടില്ലാത്തതാണു്. പക്ഷേ പുതിയ ക്യാമറയ്ക്കതറിയില്ലെന്നു തോന്നുന്നു. പരിചയപ്പെട്ടുവരുന്നതേയുള്ളൂ.

വെയില്‍‌ പൂത്തു നിന്നിരുന്ന ഇടവഴികളില്‍



യെ ദോലത് ഭി ലേ ലോ
യെ ഷൊഹ്രത് ഭി ലേലോ
ഭലേ ചീന്‍ ലോ മുഝ്സേ മേരീ ജവാനി
മഗര്‍ ഹം കൊ ലോട്ടാ ദോ ബച്പന്‍ കാ സാവന്‍
വൊ കാഗസ് കി കഷ്തി വൊ ബാരിഷ് കാ പാനി

എന്നൊക്കെ പാടണമെന്നുണ്ടു് പക്ഷേ, രാജഗോപാലന്‍ സാറിന്റെ അടിയും രാജമ്മ ടീച്ചറിന്റെ നുള്ളും കണ്ടക്റ്ററുടെ ചീത്തവിളിയും ഒക്കെ ഓര്‍ക്കുമ്പോ...

പറയാന്‍ മറന്നു. പഴയ ലുമിക്സിന്റെ ക്യാമറ മുന്‍പിട്ട പോസ്റ്റിലെ കുട്ടിച്ചാത്തന്‍ തകര്‍ത്തു. പുതിയതൊരെണ്ണം വാങ്ങി. ലുമിക്സ് തന്നെ. DMC-FZ8.

Wednesday, March 19, 2008

മാലാഖമാര്‍ നിറഞ്ഞ ആകാശത്തിന്റെ ഒരു തുണ്ടു്

കാഴ്ചകളില്‍ പോസ്റ്റിട്ടിട്ടു് ഏതാണ്ടൊരു വര്‍ഷത്തിലധികമായി. സത്യമായും ഈ കാലങ്ങളില്‍ ഒരു പോസ്റ്റിടണമെന്നു് എനിക്കുദ്ദേശമില്ലാഞ്ഞിട്ടല്ലായിരുന്നു. ചില ഭ്രമജനകമായ കാഴ്ചകള്‍ എന്റെ കണ്ണിനെ മറച്ചു കളഞ്ഞതാണു്.

ആദ്യത്തെ അരഡസന്‍ മാസങ്ങളില്‍ വലിയ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല, എന്റെ കിടക്കയും മറ്റും ഞാന്‍ പതിവായി കിടക്കാറുള്ള മുറിക്കു പുറത്തു ഭംഗിയായി വിരിച്ച നിലയില്‍ കാണപ്പെട്ടു എന്നതൊഴിച്ചാല്‍. പിന്നീടൊരു ദിവസം നിലത്തു് ഓര്‍ക്കാതെ വച്ച ഒരു ടിഷ്യൂ ബോക്സിലെ ടിഷ്യൂകള്‍ നിലത്തു് ഛിന്നഭിന്നമായി കിടക്കുന്നതു കണ്ടയന്നു തൊട്ടാണു് ഞാനിതു കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയതു്. വീട്ടിലെ വസ്തുക്കള്‍ പലതും ഉയര്‍ന്നു പോകുന്നതായി കാണപ്പെട്ടു. ടീപ്പോയ്ക്കു മുകളിലിരുന്ന ഫ്ലവര്‍വെയ്സും ടിവിയുടെ റിമോട്ടും ഡൈനിങ് ടേബിളിനു മുകളിലെത്തിയിരിക്കുന്നു. ഡൈനിങ് ടേബിളിനു മുകളിലെത്തിയിട്ടും അവ ടേബിളിന്റെ വശങ്ങളില്‍ നിന്നും നടുഭാഗത്തേക്കു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നതായും കണ്ടു. പേരു തെറ്റിച്ചു് നിലത്തു വച്ചിരുന്ന ടേബിള്‍ ഫാന്‍ അവിടുന്നു് പൊങ്ങി ആദ്യം സ്റ്റൂളിലും പിന്നെ പേരു ശരിവച്ചുകൊണ്ടു് മേശപ്പുറത്തും കാണപ്പെട്ടു. കട്ടിലിനും അലമാരയ്ക്കുമൊക്കെ അടിയില്‍ നിന്നു്, നഷ്ടപ്പെട്ടുവെന്നു കരുതിയ പലസാധനങ്ങളും ഇറങ്ങി വന്നു് തുറസ്സായ സ്ഥലങ്ങളില്‍ എന്നെ കാത്തു കിടന്നു. നല്ല മലയാളം മനസ്സിലാകുന്ന രീതിയില്‍ സംസാരിച്ചു കൊണ്ടിരുന്ന എന്റെ ഭാര്യ പൊടുന്നനവേ എനിക്കു മനസ്സിലാകാത്ത ചില ഭാഷകളില്‍ സംസാരിച്ചു തുടങ്ങി. ചാച്ച്.. മ്മ.. ഇച്ച്ചു്...

ഈ ഭാഷയില്‍ തന്നെയാണു് ഞാനും ചിലപ്പോള്‍ സംസാരിക്കുന്നതെന്നു് തിരിച്ചറിഞ്ഞപ്പഴാണു് ബഹുമാനപ്പെട്ട ബൂലോകരേ, ഇതാരോടെങ്കിലും പറയണമെന്നെനിക്കു തോന്നിത്തുടങ്ങിയതു്. പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ ഈ ഭാഷയാണു് തൊണ്ടയില്‍ തടഞ്ഞതെന്നതിനാല്‍ അതിനു കഴിയാതെ പോയി. പകരം വല്ലവിധത്തിലും, ഇതിനൊക്കെ ഹേതുവെന്നു ഞാന്‍ കരുതുന്ന, ഒരു കാഴ്ചയെ പകര്‍ത്തിവയ്ക്കുന്നു.



ബിലാല്‍. എന്റെ പുത്രന്‍. അല്‍ ബറാഹയിലെ പ്രസവവാര്‍ഡിനുമുന്‍പില്‍ ഇവനെക്കാണാന്‍ പുലര്‍ച്ചെ മൂന്നേമുക്കാല്‍ മണി വരെ ഇരുന്ന ഇരുപ്പിനു് നാളെ ഒരു വയസ്സു തികയുകയാണു്. പടത്തില്‍ ക്ലിക്കിയാല്‍ കൂടുതല്‍ പടങ്ങള്‍ കാണാന്‍ സാധിച്ചേക്കും. എല്ലാവര്‍ക്കും സന്തോഷം.

Monday, January 01, 2007

നാട്ടില്‍ നിന്നു്

നാട്ടില്‍നിന്നുവന്നിട്ടൊരുമാസത്തിലധികമായെങ്കിലും ഇത്രകാലം അവിടുത്തെ പടങ്ങളൊന്നും പോസ്റ്റു ചെയ്യാതിരുന്നതു് എന്റെ ജോലിത്തിരക്കുകൊണ്ടൊന്നുമല്ല. മടി തന്നെ മടി.

ഞാനൊരു കാര്യം പഠിച്ചു. ഈ ലോകത്തില്‍ മടി കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരേയൊരാള്‍ മടിയാണെന്നു്. നമ്മളു വെറുതേ ഇരുന്നു കൊടുത്താല്‍ മതിയെന്നേ. ഇവനിറങ്ങിപ്പോയി അങ്ങനെ ഇരിക്കാനുള്ള സകല കാരണവും കണ്ടുപിടിച്ചു കൊണ്ടുവരും. എവിടെയൊക്കെ തെണ്ടിയിട്ടാണെങ്കിലും. ആദ്യം ലാപ്ടോപ് വാങ്ങിയിട്ടു മതിയെന്നു പറഞ്ഞു. പിന്നതില്‍ തീമതിലിട്ടിട്ടുമതിയെനു പറഞ്ഞു. അങ്ങനെയെന്തൊക്കെ!

ഈ സംഗതി പഠിച്ചസ്ഥിതിക്കു് ഞാനൊരു കാര്യം തീരുമാനിക്കുകയും ചെയ്തു. ഇവന്‍ ചെയ്യരുതെന്നുപറയുന്നതിനെ ചെയ്യുക. ഇവനെ തോല്‍പ്പിക്കാനിതൊറ്റ വഴിയേയുള്ളൂ. ഇവനാണു പറയുന്നതെന്നുറപ്പിക്കാന്‍ സ്വല്പം റ്റ്രെയിനിങ് ആവശ്യമുണ്ടു്. അതു് തപാല്‍ വഴി പഠിപ്പിച്ചു കിട്ടാന്‍ കൂട്ടം കൂട്ടമായി നമ്മെ സമീപിക്കുക.

പിന്നെ വേറൊരു വഴിയുള്ളതു് ആരെങ്കിലും മടിയനെന്നു് വിളിക്കുന്നതുവരെ കാത്തിരിക്കുക എന്നതാണു്.ഇപ്പോള്‍ അപ്പണി സ്നേഹപൂര്‍വം ചെയ്ത ദേവനു് പടങ്ങള്‍ ഡെഡിക്കേറ്റുന്നു.

പടങ്ങളു താഴെ

എന്റെ നാടിന്റെ പടമാവട്ടെ ആദ്യം.

ഇവിടെ വലതുവശത്തായികാണുന്ന അമ്പലക്കുളത്തിന്റെ കരയിലുള്ള ആല്‍മരത്തിനു ചുവട്ടിലിരുന്നെടുത്ത പടം. വീടിനരികിലൂടെ ദൂരെകാണുന്ന ആ‍ല്‍മരം കണ്ണൂസ് സര്‍വകലാശാലയെന്നു വിശേഷിപ്പിച്ച ഈടുവെടിയാല്‍ ആകുന്നു. മാപിയയില്‍ അതു കാണാം.





കാവശ്ശേരി പൂരം നടക്കുന്ന നെല്പാടങ്ങളാണു് താഴെ. മുകളില്‍ അവിടത്തെ പ്രശാന്തസുന്ദരമായ ആകാശം.ഈ ആകാ‍ശത്തിനു താഴെ ആ കാണുന്ന കല്‍ചത്വരത്തിലിരുന്നാണു് ആകാശം മാത്രം അതിരുകളായുള്ള സ്വപ്നങ്ങള്‍ ഞങ്ങള്‍ നെയ്തിരുന്നതു്. ഞങ്ങള്‍ക്കുശേഷവും ഇന്നാട്ടുകാര്‍ അതിനെ സ്ക്വയര്‍ എന്നു വിളിക്കുന്നു.


നാട്ടില്‍ എവിടെ തിരിഞ്ഞാലും ഈ പറഞ്ഞ പണ്ടാറഭംഗിയാണു് എല്ലാമെടുത്തു് ഇവിടിടാന്‍ പറ്റില്ലല്ലോ. തെരഞ്ഞുപിടിച്ച ഒരു പുഷ്പം.





ഇതിനെ പകര്‍ത്താന്‍ നേരത്തു് ദുബായ്ക്കാര്‍ക്കെല്ലാം പ്രാന്താണെന്നു് ഒരു അശരീരി കേട്ടു. ( അചിന്ത്യാമ്മയ്ക്കെവിടാ ശരീരം??)



ഇതു് പാലക്കാടു് ഗോവിന്ദാപുരത്തിനടുത്തുള്ള സീതാര്‍കുണ്ടു് എന്ന നീരൊഴുക്കു്. വെള്ളച്ചാട്ടമെന്നും പറയും.






താഴെ അതിന്റെ താഴ്വരയിലെ ഒരു ദൃശ്യം.




ഇതിനടുത്തുള്ള എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നെടുത്ത പടം. മഴകാണാന്‍ കിട്ടാത്ത ദുബായ്ക്കാര്‍ക്കതിന്റെ പടം കൊണ്ടുകാണിക്കാമെന്നു വച്ചു് കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി കൊണ്ടുവന്നപ്പോള്‍ ഇവിടെ മഴ തകര്‍ത്തുപെയ്യുന്നു. :(





തല്‍ക്കാലം ഇത്രയും. ബാക്കി സമയം പോലെ.

Wednesday, October 18, 2006

പൊഞ്ഞാറു്






ഇതു ദുബായിലെ പെട്രോള്‍ പമ്പു്. നേരം വെളുക്കുന്നതിനു് തൊട്ടുമുന്‍പെടുത്ത പടം. നാഴികയ്ക്കു നാല്‍പ്പതു വട്ടമിതു തന്നെ കാണുന്ന യൂയേയിക്കാര്‍ ക്ഷമിക്കുക. ഇതിവിടെ സ്ഥാപിച്ചതു് മറ്റൊരുദ്ദേശത്തിലാണു്.

അതു പറയാം.

ഞാന്‍ നാട്ടിലേക്കു് പോകുന്നു. മറ്റന്നാള്‍. അതായതു് ഒക്ടോബര്‍ 20നു്. അഞ്ചെട്ടുപത്തു വര്‍ഷമായി ഞാനിവിടെ തന്നെ താമസിക്കാന്‍ തുടങ്ങിയിട്ടു്. അപ്പോള്‍ പിന്നെ നാട്ടിലേക്കു പോകുമ്പോള്‍, അതൊരുമാസത്തിനെങ്കില്‍ അതിനു്, എനിക്കു് സ്വാഭാവികമായും സാധാരണ പറയപ്പെടുന്ന ഗൃഹാതുരത്വം ഉണ്ടാവേണ്ടതല്ലേ? അങ്ങനെ ഒരു മാസത്തേക്കു് എന്നില്‍ ടി സാധനം ഉളവാക്കിയേക്കാവുന്ന, ചില കാഴ്ചകളാണു് ഇവിടെ.

നേരത്തേ കണ്ട പെട്രോള്‍ പമ്പു് അതിലൊന്നാകുന്നു.

മിസ് ആവാന്‍ വേണ്ട മരങ്ങളും പുഷ്പങ്ങളുമടങ്ങിയ മനോഹര കാഴ്ചകളും ഇവിടെ വേണ്ടുവോളം

ഉദാഹരണം നമ്പര്‍ 1





ആഹാ എന്താ ഭങ്ങി!

ഉദാഹരണം നമ്പര്‍ 2






പോട്ടെ ഇതൊക്കെ അവിടെയുമുണ്ടെന്നു പറയാം.

എന്നാലിതോ?






പഴം ഉണങ്ങി ചപ്പി വരണ്ടതവിടേം കിട്ടും. ഇങ്ങനെ മരത്തേന്നു പൊട്ടിച്ചു തിന്നാനാഗ്രഹമുള്ളവരേ, നിങ്ങളെ ഗള്‍ഫ് മാടി മാടി വിളിക്കുന്നു.;)


പടത്തിലുള്ള ഈ കൊച്ചു്, ബ്ലോഗിന്റെ ഒരു സ്ഥിരം വായനക്കാരനും എന്റെ ബാല്യകാല കൂട്ടുകാരനും ബന്ധുവും ഒക്കെ ആയ ഒരാളുടേയും അയാളുടെ ഭാര്യ ആയ എന്റെ കസിന്റേയും പുത്രിയാകുന്നു. മാമ്മോദീസാ പേരു് ആഷ്‌ലി. വിളിപ്പേരു് ഫ്രൂട്ടി.
ഇവളും ഇപ്പറഞ്ഞ ഒരു മാസത്തെ നഷ്ടമാണു്. അതുകൊണ്ടവളുടെ പടം.






പിന്നെയെന്താ?
പിന്നെയീ ബൂലോകവും ബൂലോകരു മൊത്തവും.
ഹാവൂ നൊവാള്‍ജിയ തന്നെ! നൊവാള്‍ജിയ!

Saturday, June 24, 2006

ഇരുളും വെളിച്ചവും.

ഇതെന്റെ ജ്യേഷ്ഠന്റെ പുത്രന്‍. ഇവനെ കണ്ടാല്‍ എനിക്കു്‌ ബാലരമയിലെ അപ്പൂസി(henry)നെ ഓര്‍മ്മ വരും.

ഫോട്ടോ എടുക്കാന്‍ പഠിപ്പിച്ചതിവനാണു്‌. എന്റെ ഗുരു. ഞാനാദ്യമെടുത്തഫോട്ടോയുമിവന്റെ തന്നെ.



"ഇതു്‌ കിച്ചന്‍ അതു്‌ ബാത്രൂം ഇതു വാതില്‍." അവന്‍ എനിക്കു്‌ പറഞ്ഞു തന്നു.

"ഡാ ആദ്യം അതു മലയാളത്തില്‍ പഠിക്കു്‌ കിച്ചന്‍ എന്നാല്‍ അടുക്കള" ഞാന്‍ പറഞ്ഞു.

"അപ്പോ ബാത്രൂം?" അവന്‍.

"കുളിമുറി" ഞാന്‍.

"അപ്പോ വാതില്‍?"

ഞാനെന്തു പറയും?
ഇപ്പൊഴേ ഇംഗ്ലീഷ്‌ മലയാളം വിവേചനമുണ്ടാക്കി അവനെ വഴിതെറ്റിക്കാന്‍ ശ്രമിച്ച എന്നെ തല്ലിക്കൊല്ലണ്ടേ.

അവനാ വാതില്‍ തുറന്നു. ഞാന്‍ ക്യാമറ തപ്പിയെടുത്തു ക്ലിക്കി.




"എനിക്കന്ധകാരമായിരുന്നു ഇഷ്ടം. നീയിതുതുറന്നതെന്തിനു്‌?"

അവന്‍ ചിരിച്ചു.
സകലമാന സമസ്യകളും പരിഹരിച്ചുതരുന്ന ഗുരുവിന്റെ ചിരി.
അതില്‍ എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമുണ്ടായിരുന്നു

Wednesday, June 21, 2006

അറബിനാട്ടിലല്ലാത്തവര്‍ക്കു്‌ -1

കജൂര്‍ (dates)


ഇതിപ്പോള്‍ പഴുത്തു തുടങ്ങിയിരിക്കുന്നു. പഴുത്തതിന്റെ പടം ഉടനേ വരും തല്‍ക്കാലം ഇതിനെ എല്ലാവരും പങ്കിടുക.




പിക്കാസും മണ്‍വെട്ടിയുമൊക്കെ ഉപയോഗിക്കാന്‍ മനസ്സുണ്ടായിട്ടല്ല വക്കാരീ. ഗൂഗിളിനു ചിലപ്പോള്‍ മൊഡ. പടം അപ്‌ലോഡിയെന്നുപറയും നമ്മള്‍ ചെന്നു നോക്കുമ്പോള്‍ പടവുമില്ല പൂടയുമുണ്ടാവില്ല. അതു കൊണ്ടാണു്‌ മറ്റു മാര്‍ഗ്ഗങ്ങളാരാഞ്ഞതു്‌. ഇപ്രാവശ്യം എല്ലാ പടവും ഗൂഗിളില്‍.

കുട്ട്യേടത്തിയുടേയും തുല്യദുഃഖിതരായ മറ്റുള്ളവരുടേയും ശ്രദ്ധയ്ക്കു്‌: "ഈ പടം കണ്ടിട്ടില്ലെങ്കില്‍ ബൂലോഗത്തെ ഏറ്റവും മികച്ച പടം നിങ്ങള്‍ കണ്ടിട്ടില്ല" (ക്രെഡിറ്റിടാന്‍ ഇതേതു സിനിമയുടെ പരസ്യവാചകമാണെന്നതു്‌ മറന്നു പോയി )

Saturday, June 17, 2006

ഒരു സൂര്യന്‍ കൂടെ മരിച്ചുവീഴുന്നു




ദുബായ്‌ കോര്‍ണിഷില്‍ നിന്നുള്ള ദൃശ്യം.

picasa ഉപയോഗിച്ചു്‌ ബ്ലോഗിലേക്കു്‌ പടം കയറ്റുമ്പോള്‍ കാര്യങ്ങള്‍ എല്ലാം നടക്കുന്നുണ്ടു്‌. ബ്ലോഗ്ഗറുടെ പേരുവിവരം, വിലാസം മുതലായവ ചോദിക്കുന്നു, ഡ്രാഫ്റ്റ്‌ ആക്കിത്തരുന്നു, പ്രിവ്യൂ കാണിച്ചു തരുന്നു, പബ്ലിഷ്‌ ചെയ്യട്ടോ എന്നു ചോദിക്കുന്നു, ഉത്തരമെടുക്കുന്നു, അവസാനം പബ്ലിഷ്‌ ചെയ്തെന്നു വരെ പറഞ്ഞു കളയുന്നൂ ഈ മഹാന്‍. എന്നാല്‍ പോസ്റ്റ്‌ മാത്രമില്ല. ഇല്ല, കാണാനേയില്ല. ഞാനൊരു ദിവസം മുഴുവനും കാത്തിരുന്നു. കിം ഫലം? അതുപയോഗിച്ചെങ്ങനെ പോസ്റ്റാം എന്നറിയാവുന്നവര്‍ പറഞ്ഞു തരിക.

ഇനി ബക്കറ്റിലൊരെണ്ണം.

ഒന്നു്‌ ചീയുമ്പോള്‍....





ഇതുമിരിക്കട്ടെ ഒരു വഴിക്കു്‌ പോകുന്നതല്ലേ ;)



  

Tuesday, June 13, 2006

ചന്ദ്രേട്ടന്‍

ഗ്ലബ്ബിലൊരു നിലാവിട്ടതിനെ തുടര്‍ന്നു്‌ ഒറിജിനലിനെ തപ്പി നടപ്പുദീനം തുടങ്ങിയിട്ടു്‌ നാളേറെയായി. പിന്നെ കണ്ടനിലാവെല്ലാം ഭാസ്ക്കരന്മാഷിന്റെ പാട്ടിന്റെ ചേലുക്കുള്ളതു്‌. ഇതൊക്കെ വലുതായിവരട്ടെ എന്നുകാത്തിരുന്നവസാനം മിനിഞ്ഞാന്നു്‌ ഏതാണ്ടു്‌ മുക്കാല്‍ഭാഗം വളര്‍ന്ന ഒന്നിനെ കിട്ടി. ദുബായിലാണെങ്കില്‍ ഇപ്പൊ ഹ്യുമിഡിറ്റി 70 ശതമാനത്തിലധികം. എന്റെ പെട്ടിയില്‍ ഒന്നും പതിയുന്നില്ല. ഷട്ടര്‍ സ്പീഡു്‌ കുറച്ചു വച്ചെടുത്തതാണിവനെ.


പിറ്റേന്നു്‌, അതായതു്‌ ഇന്നലെ, കുറച്ചുകൂടെ മുഴുത്ത ഒന്നിനെ കിട്ടാനായി കുറേനേരം നോക്കിയിട്ടും കാണഞ്ഞപ്പോള്‍ മടുത്തു വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയില്ലതിനുമുന്‍പു്‌ പിറകേന്നൊരു കൂവല്‍.

"സിദ്ധാര്‍ത്ഥാ ദേണ്ടെടാ ചന്ദ്രന്‍"

ദേവനായതുകൊണ്ടു്‌ സത്യമായിരിക്കും. തിരിച്ചോടി. കാല്‍നടക്കാര്‍ക്കുള്ള പാലത്തിനു്‌ മുകളില്‍ കയറി തലങ്ങും വിലങ്ങും ക്ലിക്കി.

ങേഹെ മൂപ്പരു പിടിതരുന്നില്ല. ഒരണ്ണം ഇതാ. എന്റെ ക്യാമറയിലിതിങ്ങനെയേകിട്ടുന്നുള്ളൂ. എന്തു ചെയ്താല്‍ ക്ലിയറാവുമെന്നറിവുള്ളവര്‍ പറഞ്ഞു തരിക.





ഷട്ടര്‍ സ്പീഡു്‌ കുറച്ചുവച്ച വേറൊന്നിതാ.





ഇന്നു്‌ പൂര്‍ണ്ണചന്ദ്രനാണെന്നു്‌ തോന്നുന്നു. ഇന്നത്തേതില്‍ എന്തെങ്കിലും കിട്ടിയാലായി. നാളെമുതലിവന്‍ മെലിയാന്‍ തുടങ്ങും. പിന്നിനി ചന്ദ്രന്റെ പുറകെ വക്കാരിയാകാന്‍ ഞാനില്ല.

ഇപ്പൊഴാണു്‌ ഒരു ശ്ലോകം ഓര്‍മ്മവന്നതു്‌. ഉമേഷിനു്‌ ശരിയാക്കാനായി അതുമിടുന്നു.

അയമമൃതനിധാനം നായകോ പ്യോഷധീനാം

ശതഭിഷഗനുയാതം ശംഭു മൂര്‍ദ്ധോവതംസേ

വിരഹയതി നചൈനം രാജയക്ഷ്മാ ശശാങ്കം

ഹതവിധിപരിപാകം കേനവാ ലംഘനീയം

Sunday, June 11, 2006

മുല്ലപ്പൂ (ബ്ലോഗ്ഗറല്ലേ)

ഷാര്‍ജയില്‍ ഒരു വീട്ടിലെ മതിലിനു മുകളിലൂടെ ചാഞ്ഞിറങ്ങി വന്ന മുല്ലവള്ളിയില്‍ ഇവയെ കണ്ടപ്പോള്‍ എനിക്കു്‌ മാമുക്കോയ പണ്ടൊരു പടത്തില്‍ പറഞ്ഞ ഫലിതമാണോര്‍മ്മ വന്നതു്‌.





"ചെറുപ്പത്തില്‍ എന്റെ പല്ലുകള്‍ മുല്ലമൊട്ടുപോലെയായിരുന്നു"












"വളര്‍ന്നപ്പോഴതു്‌ വിടര്‍ന്നു."




ഞങ്ങളുടെ നാട്ടില്‍ ഇതിനെ കൊണ്ടമുല്ല എന്നുവിളിക്കും. ഇനി അങ്ങനെ വിളിച്ചില്ലെങ്കിലും ഇതിനു്‌ പരിഭവമുള്ളതായി കണ്ടിട്ടില്ല.


( ഇതില്‍ കാണാനസൌകര്യങ്ങളുള്ളവര്‍ക്കായി ഈ ചിത്രങ്ങള്‍ ബക്കറ്റിലിടുന്നു. മൊട്ടിവിടേം പൂവിവിടേം )

Wednesday, June 07, 2006

ഒരു ഗോമ്പിനേഷന്‍


"യെസ്, അപ്പോള്‍ ഫോട്ടൊഗ്രാഫിയില്‍ കമ്പം തുടങ്ങിയല്ലേ... ഈ പടം കൊള്ളാം. പക്ഷേ കുറേം കൂടി നന്നാക്കാനുണ്ട്. നമ്മള്‍ ക്യാമറയിലെ ആ കുഞ്ഞുകണ്ണാടിയില്‍ കൂടെ നോക്കുമ്പോള്‍ എന്തു കാണുന്നു എന്നുള്ളതനുസരിച്ചാണ് പടങ്ങള്‍ ബ്ലോഗില്‍ വരുന്നത്. ഉദാഹരണത്തിന് നമ്മള്‍ ഒരു പക്ഷിയെ ആണ് ഉന്നം വെക്കുന്നതെന്നോര്‍ക്കുക. ചില തുരപ്പന്മാര്‍, അതിരിക്കുന്ന ചില്ലയും, മരവും അയലോക്കത്തെ വീടും അവിടുത്തെ വീട്ടുകാരെയുമൊക്കെ കാണും. പാടില്ല. ഏകത്തില്‍ അഗ്രം വേണം. നമ്മള്‍ ആ പക്ഷിയുടെ കണ്ണു മാത്രമേ കാണാവൂ. അങ്ങിനെയല്ലേ അര്‍ജ്ജുനനൊക്കെ പേരുകേട്ട ഫോട്ടോ പിടുത്തക്കാരായത്.
അതുകൊണ്ട് അങ്ങിനെയൊക്കെ പടം പിടിക്കൂ. വിജയീ ഭവ."


ഈ പറഞ്ഞതു്‌ വക്കാരി ഉസ്താദു്‌. പിന്നെ ഒന്നും നോക്കീല. ക്യാമറയുള്ളപ്പോള്‍ ക്യാ മറ? അതും തൂക്കി പുറത്തേക്കിറങ്ങി. നാടായ നാടൊക്കെ ചുറ്റി. മരം വേണം. പിന്നെ ഒരു പഷ്കിയും.

"കല്ലെക്കണ്ടാല്‍ നായെക്കാണൊ
നായെക്കണ്ടാല്‍ കല്ലെക്കാണൊ"

എന്നമാതിരിയായി കാര്യങ്ങള്‍. മരം കിട്ടിയാല്‍ പക്ഷിയെ കിട്ടാനില്ല. വല്ല വിധേനയും പക്ഷിയെ കണ്ടു പിടിച്ചാല്‍ മരമെവിടെ?

വലഞ്ഞു. ശരിക്കും വലഞ്ഞു. തൊട്ടടുത്തു വണ്ടി ചവിട്ടിനിര്‍ത്തിയിട്ടു്‌ ഒരറബി ജനലിലൂടെ പകുതിശരീരം പുറത്തേക്കിട്ടു്‌ നിലവിളിച്ചു.

ഇന്ത മജ്നൂന്‍??
മായി ഷൂഫ്‌ സെയ്യാരീ??

തര്‍ജ്ജമ: നിനക്കെന്താ നട്ടപ്രാന്താണോ? എന്റെ വണ്ടി വരുന്നതു്‌ കണ്ടില്ലേ?(പ്രാന്തിന്റെ കാര്യം അവന്റെ ആംഗ്യത്തില്‍ നിന്നു മനസ്സിലായി)

അവസാനം തണലുപറ്റി ഒരു മരത്തിന്റെ ചുവട്ടിലിരുന്നു. വരരുചി മയങ്ങിയപോലെ ഒന്നു മയങ്ങി. അപ്പോള്‍ ആരോ സംസാരിക്കുന്നതു കേട്ടു.

"ഈ താഴെ ഇരുന്നുറങ്ങുന്നതാരാണെന്നറിയാമോ?"

"അറിയില്ല. ആരാ? ദുബൈ റൂളറാ?"

"ശ്ശെ മണ്ടീ അല്ല. ഇയ്യാളെ കണ്ടാല്‍ അങ്ങനെ തോന്നുമോ"

"പിന്നെ?"

"ജപ്പാനില്‍ നിന്നൊരു കല്യാണരാമന്‍ നല്ല ഫോട്ടോ എടുക്കുന്നതിനൊരുപമ പറഞ്ഞതുകേട്ടു്‌ പക്ഷികളെ തപ്പിയിറങ്ങിയിരിക്കുവാണീ മണ്ടന്‍"

" എന്നിട്ടിയാളെന്തു ചെയ്യാന്‍ പോകുന്നു"

"എന്തു ചെയ്യാന്‍. 3 സെക്കന്‍ഡുകള്‍ക്കകം ഇയ്യാള്‍ ഉറക്കമുണരും പിന്നെ നമ്മുടെ പടമെടുക്കും പിന്നെ അതു ബ്ലോഗ്ഗിലിടും അതു എക്കാലത്തേയും മികച്ച പടമായിരിക്കും."

"അയ്യേ ഞാനില്ല. ഇന്നലെ എന്റെ പുരികം ഷേപ്പു ചെയ്യാന്‍ മറന്നു"

"ന്നാല്‍ നീ പൊയ്ക്കോ ഞാനിവിടിരുന്നു്‌ ചരിത്രത്തിന്റെ ഭാഗമാവാന്‍ പോകുന്നു"

ഞാനുണര്‍ന്നു.
നേരെ മുകളില്‍ രണ്ടു പക്ഷികള്‍. ഒട്ടുമമാന്തിച്ചില്ല. ക്യാമറയെടുത്തു്‌ ഒരു കണ്ണടച്ചു്‌ ഉന്നം നോക്കി.
ങ്‌ഹേ! ഒരു പക്ഷിമാത്രമെയുള്ളല്ലോ. ഏകാഗ്രത കൂടിപ്പോയോ?


ഇത്തിരി ഏകാഗ്രത കുറച്ചു. പിന്നെ ക്ലിക്കി




(ചിത്രം കാണാന്‍ കഴിയാത്തവര്‍ക്കായി ആയതു്‌ ബക്കറ്റില്‍ ഇവിടെ )

Monday, June 05, 2006

മുക്കാലിഫ


ഈ ബ്ലോഗ്ഗിന്റെ പേരുകേട്ടിട്ടറബിനാട്ടിലല്ലാത്തവര്‍ ദീപശിഖ ദര്‍ശിച്ച പെരുച്ചാഴി വര്യന്മാരെപ്പോലിരിക്കുന്നതെനിക്കു കാണാം (cr. v.k.n). മുക്കാലിഫ എന്നാല്‍ ഫൈന്‍ അഥവാ പിഴ. നോ ബാര്‍കിങ്ങ്‌-ന്റെ തൊട്ടുതാഴെ ബാര്‍ക്കു ചെയ്ത ഈ ബെന്‍സിന്റെ ഉടമ ഒരു കാശുകാരനായിരിക്കണമല്ലെങ്കില്‍ മുറൂറില്‍ വാസ്തയുള്ളയാള്‍ ( ദേ പിന്നേം പെരുച്ചാഴികള്‍- മുറൂറെന്നാല്‍ ഇവിടുത്തെ ട്രാഫിക്‌ ഓഫീസ്‌,വാസ്തയെന്നാല്‍ സ്വാധീനമെന്നും ശുപാര്‍ശയെന്നും അര്‍ഥം പറയാമെന്നു തോന്നുന്നു.) ആയിരിക്കണം. കാരണം പിറ്റേന്നു കാലത്തും അയാളാതവിടെ തന്നെ കൊണ്ടിട്ടു.

ശ്രീഭൂവിലസ്ഥിര


ഈ പൂവിനെ ഡെഡിക്കേറ്റുന്നതു്‌, ഇതെടുത്ത ക്യാമറ വാങ്ങാനുപദേശിച്ച ദേവനും പിന്നെ വിദ്യക്കും.

ഫോട്ടോ കൊള്ളാമെന്നാലതിന്റെ ക്രെഡിറ്റെനിക്കും കൊള്ളില്ലെങ്കിലതിന്റെ ക്രെഡിറ്റു്‌ ദേവനും എന്നര്‍ഥമുണ്ടോ ഈ ഡെഡിക്കേഷനു്‌?

ഹേയ്‌ ഇല്ല മരംവെട്ടറിയാത്തതിനു്‌ കോടാലിയെ....

കുമാര്‍, തുളസി, നളന്‍, വക്കാരി, യാത്രാമൊഴി, മുതലായ മുന്‍പേ ഗമിച്ച ഗോവര്യന്മാര്‍ ഈ പോത്തിനെ നേര്‍വഴിക്കു നയിക്കുമെന്നു പ്രതീക്ഷിച്ചു കൊണ്ടു്‌ ഈ ബ്ലോഗു്‌ ഉല്‍ഘാടനം ചെയ്തു കൊള്ളുന്നു.

Followers