Wednesday, March 19, 2008

മാലാഖമാര്‍ നിറഞ്ഞ ആകാശത്തിന്റെ ഒരു തുണ്ടു്

കാഴ്ചകളില്‍ പോസ്റ്റിട്ടിട്ടു് ഏതാണ്ടൊരു വര്‍ഷത്തിലധികമായി. സത്യമായും ഈ കാലങ്ങളില്‍ ഒരു പോസ്റ്റിടണമെന്നു് എനിക്കുദ്ദേശമില്ലാഞ്ഞിട്ടല്ലായിരുന്നു. ചില ഭ്രമജനകമായ കാഴ്ചകള്‍ എന്റെ കണ്ണിനെ മറച്ചു കളഞ്ഞതാണു്.

ആദ്യത്തെ അരഡസന്‍ മാസങ്ങളില്‍ വലിയ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല, എന്റെ കിടക്കയും മറ്റും ഞാന്‍ പതിവായി കിടക്കാറുള്ള മുറിക്കു പുറത്തു ഭംഗിയായി വിരിച്ച നിലയില്‍ കാണപ്പെട്ടു എന്നതൊഴിച്ചാല്‍. പിന്നീടൊരു ദിവസം നിലത്തു് ഓര്‍ക്കാതെ വച്ച ഒരു ടിഷ്യൂ ബോക്സിലെ ടിഷ്യൂകള്‍ നിലത്തു് ഛിന്നഭിന്നമായി കിടക്കുന്നതു കണ്ടയന്നു തൊട്ടാണു് ഞാനിതു കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയതു്. വീട്ടിലെ വസ്തുക്കള്‍ പലതും ഉയര്‍ന്നു പോകുന്നതായി കാണപ്പെട്ടു. ടീപ്പോയ്ക്കു മുകളിലിരുന്ന ഫ്ലവര്‍വെയ്സും ടിവിയുടെ റിമോട്ടും ഡൈനിങ് ടേബിളിനു മുകളിലെത്തിയിരിക്കുന്നു. ഡൈനിങ് ടേബിളിനു മുകളിലെത്തിയിട്ടും അവ ടേബിളിന്റെ വശങ്ങളില്‍ നിന്നും നടുഭാഗത്തേക്കു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നതായും കണ്ടു. പേരു തെറ്റിച്ചു് നിലത്തു വച്ചിരുന്ന ടേബിള്‍ ഫാന്‍ അവിടുന്നു് പൊങ്ങി ആദ്യം സ്റ്റൂളിലും പിന്നെ പേരു ശരിവച്ചുകൊണ്ടു് മേശപ്പുറത്തും കാണപ്പെട്ടു. കട്ടിലിനും അലമാരയ്ക്കുമൊക്കെ അടിയില്‍ നിന്നു്, നഷ്ടപ്പെട്ടുവെന്നു കരുതിയ പലസാധനങ്ങളും ഇറങ്ങി വന്നു് തുറസ്സായ സ്ഥലങ്ങളില്‍ എന്നെ കാത്തു കിടന്നു. നല്ല മലയാളം മനസ്സിലാകുന്ന രീതിയില്‍ സംസാരിച്ചു കൊണ്ടിരുന്ന എന്റെ ഭാര്യ പൊടുന്നനവേ എനിക്കു മനസ്സിലാകാത്ത ചില ഭാഷകളില്‍ സംസാരിച്ചു തുടങ്ങി. ചാച്ച്.. മ്മ.. ഇച്ച്ചു്...

ഈ ഭാഷയില്‍ തന്നെയാണു് ഞാനും ചിലപ്പോള്‍ സംസാരിക്കുന്നതെന്നു് തിരിച്ചറിഞ്ഞപ്പഴാണു് ബഹുമാനപ്പെട്ട ബൂലോകരേ, ഇതാരോടെങ്കിലും പറയണമെന്നെനിക്കു തോന്നിത്തുടങ്ങിയതു്. പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ ഈ ഭാഷയാണു് തൊണ്ടയില്‍ തടഞ്ഞതെന്നതിനാല്‍ അതിനു കഴിയാതെ പോയി. പകരം വല്ലവിധത്തിലും, ഇതിനൊക്കെ ഹേതുവെന്നു ഞാന്‍ കരുതുന്ന, ഒരു കാഴ്ചയെ പകര്‍ത്തിവയ്ക്കുന്നു.ബിലാല്‍. എന്റെ പുത്രന്‍. അല്‍ ബറാഹയിലെ പ്രസവവാര്‍ഡിനുമുന്‍പില്‍ ഇവനെക്കാണാന്‍ പുലര്‍ച്ചെ മൂന്നേമുക്കാല്‍ മണി വരെ ഇരുന്ന ഇരുപ്പിനു് നാളെ ഒരു വയസ്സു തികയുകയാണു്. പടത്തില്‍ ക്ലിക്കിയാല്‍ കൂടുതല്‍ പടങ്ങള്‍ കാണാന്‍ സാധിച്ചേക്കും. എല്ലാവര്‍ക്കും സന്തോഷം.

10 comments:

kichu said...

അമ്പട കുട്ടാ... നാളെ പിറന്നാളണല്ലെ

പായസം തന്നേ പറ്റൂ..

ഒരു പാട് ആയുസ്സും ആരൊഗ്യവും തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..

സനാതനന്‍ said...

പിറന്നാള്‍ സമ്മാനമായി ഒരുമ്മിണിമുത്തം എന്റെ വക :)

തഥാഗതന്‍ said...

ബിലാലിനു പിറന്നാളാശംസകള്‍

ആദ്യഭാഗം വായിച്ചപ്പോള്‍ ഒരു ഏകാന്തതയുടെ നൂറു മില്ലി അടിച്ച പോലെ

Reshma said...

മേശമേല്‍ വലിഞ്ഞ് കേറി ഏല്ലാം ഉരുട്ടിയിടാന്‍ ഇനിയെത്ര നാള്‍. അപ് അപ് ബിലാല്‍. (ആദ്യത്തെ മാസങ്ങളില്‍ കിടക്കപായും ചുരുട്ടിപോയ അച്ഛന്‍ ഡൌണ്‍ ഡൌണ്‍)

കരീം മാഷ്‌ said...

ബിലാലിനു പിറന്നാളാശംസകള്‍

ദേവന്‍ said...

ബിലാലേ, പിറന്നാളാശംസകള്‍ നേരിട്ടു പറയാന്‍ അങ്ങോട്ടു വരുന്നെടോ.

പണ്ട് ഇട്ട അനന്തരവന്റെ ഫോട്ടോ പോലെയുണ്ടല്ലോ സിദ്ധോ ബിലാലിന്റെ ഫോട്ടോയും. ഫോട്ടോസാമ്യം നേരിട്ടു കാണുമ്പോ ഇല്ല.

ഭാഷയുടെ കാര്യം പറഞ്ഞപ്പ ഓര്‍ത്തത്. ഇന്ന് ദത്തനെയും കൊണ്ട് ഫെസ്റ്റിവല്‍ സിറ്റിയില്‍ പോയി. അവിടെ ഡസന്‍ കണക്കിനു ഫൌണ്ടന്‍. എനിക്ക് എട്ടൊമ്പത് വയസ്സുള്ളപ്പോല്‍ അച്ഛന്‍ വാട്ടര്‍വര്‍ക്സില്‍ കൊണ്ടുപോയപ്പോഴാണ് ആദ്യമായിട്ട് ഒരു ഫൌണ്ടന്‍ കാണുന്നത്, അപ്പോഴേക്ക് അതിന്റെ ശാസ്ത്രമൊക്കെ മനസ്സിലാക്കാന്‍ മാത്രം വളര്‍ന്നിരുന്നു.

ദത്തന്‍ ചെറുതായതുകൊണ്ട് പണ്ട് മിസ്സായിപ്പോയത് ഇപ്പോ അനുഭവിക്കാന്‍ പറ്റി.
“ഫിങ്ങ് ഹായ്” ഫൌണ്ടനു ദത്തന്‍ പേരിട്ടു (ഫിങ്ങ് =speed; ഹായ് = wonderful)

എനിക്ക് അത്ര തൃപ്തിയായില്ല. “ഫിങ്ങ് ഹായ് ചായ” ഞാന്‍ നിരീക്ഷിച്ചു (ചായ= liquid).

“ഫിങ്ങ് ഹായ് ചായ“ എന്ന് ആര്‍ത്ത് ഞങ്ങള്‍ ഫൌണ്ടനു ചുറ്റുമോടി.

തമനു said...

ബിലാല്‍ സാ‍ര്‍...

ഹാപ്പി ബര്‍ത്ത് ഡേ സാര്‍..

ദില്‍ബാസുരന്‍ said...

ബിലാലിന് രണ്ട് കവിളിലും ഓരോ ഉമ്മ. നല്ല മിടുക്കനായി നന്നായി വാ. പിറന്നാളാശംസകള്‍. :-)

കണ്ണൂസ്‌ said...

അയ്യോടാ.. ആഴ്ച ഒന്നു കഴിഞ്ഞല്ലോ ഞാന്‍ കാണാന്‍!!

സാരമില്ല. ബില്ലൂ ആശംസ്!

നൊമാദ്. said...

ബിലാലിനു പിറന്നാളാശംസകള്‍

ഓ ടൊ : അച്ഛാ ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നാ അവന്‍ പറയുന്നത്. :)

Followers