Saturday, June 24, 2006

ഇരുളും വെളിച്ചവും.

ഇതെന്റെ ജ്യേഷ്ഠന്റെ പുത്രന്‍. ഇവനെ കണ്ടാല്‍ എനിക്കു്‌ ബാലരമയിലെ അപ്പൂസി(henry)നെ ഓര്‍മ്മ വരും.

ഫോട്ടോ എടുക്കാന്‍ പഠിപ്പിച്ചതിവനാണു്‌. എന്റെ ഗുരു. ഞാനാദ്യമെടുത്തഫോട്ടോയുമിവന്റെ തന്നെ.



"ഇതു്‌ കിച്ചന്‍ അതു്‌ ബാത്രൂം ഇതു വാതില്‍." അവന്‍ എനിക്കു്‌ പറഞ്ഞു തന്നു.

"ഡാ ആദ്യം അതു മലയാളത്തില്‍ പഠിക്കു്‌ കിച്ചന്‍ എന്നാല്‍ അടുക്കള" ഞാന്‍ പറഞ്ഞു.

"അപ്പോ ബാത്രൂം?" അവന്‍.

"കുളിമുറി" ഞാന്‍.

"അപ്പോ വാതില്‍?"

ഞാനെന്തു പറയും?
ഇപ്പൊഴേ ഇംഗ്ലീഷ്‌ മലയാളം വിവേചനമുണ്ടാക്കി അവനെ വഴിതെറ്റിക്കാന്‍ ശ്രമിച്ച എന്നെ തല്ലിക്കൊല്ലണ്ടേ.

അവനാ വാതില്‍ തുറന്നു. ഞാന്‍ ക്യാമറ തപ്പിയെടുത്തു ക്ലിക്കി.




"എനിക്കന്ധകാരമായിരുന്നു ഇഷ്ടം. നീയിതുതുറന്നതെന്തിനു്‌?"

അവന്‍ ചിരിച്ചു.
സകലമാന സമസ്യകളും പരിഹരിച്ചുതരുന്ന ഗുരുവിന്റെ ചിരി.
അതില്‍ എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമുണ്ടായിരുന്നു

Wednesday, June 21, 2006

അറബിനാട്ടിലല്ലാത്തവര്‍ക്കു്‌ -1

കജൂര്‍ (dates)


ഇതിപ്പോള്‍ പഴുത്തു തുടങ്ങിയിരിക്കുന്നു. പഴുത്തതിന്റെ പടം ഉടനേ വരും തല്‍ക്കാലം ഇതിനെ എല്ലാവരും പങ്കിടുക.




പിക്കാസും മണ്‍വെട്ടിയുമൊക്കെ ഉപയോഗിക്കാന്‍ മനസ്സുണ്ടായിട്ടല്ല വക്കാരീ. ഗൂഗിളിനു ചിലപ്പോള്‍ മൊഡ. പടം അപ്‌ലോഡിയെന്നുപറയും നമ്മള്‍ ചെന്നു നോക്കുമ്പോള്‍ പടവുമില്ല പൂടയുമുണ്ടാവില്ല. അതു കൊണ്ടാണു്‌ മറ്റു മാര്‍ഗ്ഗങ്ങളാരാഞ്ഞതു്‌. ഇപ്രാവശ്യം എല്ലാ പടവും ഗൂഗിളില്‍.

കുട്ട്യേടത്തിയുടേയും തുല്യദുഃഖിതരായ മറ്റുള്ളവരുടേയും ശ്രദ്ധയ്ക്കു്‌: "ഈ പടം കണ്ടിട്ടില്ലെങ്കില്‍ ബൂലോഗത്തെ ഏറ്റവും മികച്ച പടം നിങ്ങള്‍ കണ്ടിട്ടില്ല" (ക്രെഡിറ്റിടാന്‍ ഇതേതു സിനിമയുടെ പരസ്യവാചകമാണെന്നതു്‌ മറന്നു പോയി )

Saturday, June 17, 2006

ഒരു സൂര്യന്‍ കൂടെ മരിച്ചുവീഴുന്നു




ദുബായ്‌ കോര്‍ണിഷില്‍ നിന്നുള്ള ദൃശ്യം.

picasa ഉപയോഗിച്ചു്‌ ബ്ലോഗിലേക്കു്‌ പടം കയറ്റുമ്പോള്‍ കാര്യങ്ങള്‍ എല്ലാം നടക്കുന്നുണ്ടു്‌. ബ്ലോഗ്ഗറുടെ പേരുവിവരം, വിലാസം മുതലായവ ചോദിക്കുന്നു, ഡ്രാഫ്റ്റ്‌ ആക്കിത്തരുന്നു, പ്രിവ്യൂ കാണിച്ചു തരുന്നു, പബ്ലിഷ്‌ ചെയ്യട്ടോ എന്നു ചോദിക്കുന്നു, ഉത്തരമെടുക്കുന്നു, അവസാനം പബ്ലിഷ്‌ ചെയ്തെന്നു വരെ പറഞ്ഞു കളയുന്നൂ ഈ മഹാന്‍. എന്നാല്‍ പോസ്റ്റ്‌ മാത്രമില്ല. ഇല്ല, കാണാനേയില്ല. ഞാനൊരു ദിവസം മുഴുവനും കാത്തിരുന്നു. കിം ഫലം? അതുപയോഗിച്ചെങ്ങനെ പോസ്റ്റാം എന്നറിയാവുന്നവര്‍ പറഞ്ഞു തരിക.

ഇനി ബക്കറ്റിലൊരെണ്ണം.

ഒന്നു്‌ ചീയുമ്പോള്‍....





ഇതുമിരിക്കട്ടെ ഒരു വഴിക്കു്‌ പോകുന്നതല്ലേ ;)



  

Tuesday, June 13, 2006

ചന്ദ്രേട്ടന്‍

ഗ്ലബ്ബിലൊരു നിലാവിട്ടതിനെ തുടര്‍ന്നു്‌ ഒറിജിനലിനെ തപ്പി നടപ്പുദീനം തുടങ്ങിയിട്ടു്‌ നാളേറെയായി. പിന്നെ കണ്ടനിലാവെല്ലാം ഭാസ്ക്കരന്മാഷിന്റെ പാട്ടിന്റെ ചേലുക്കുള്ളതു്‌. ഇതൊക്കെ വലുതായിവരട്ടെ എന്നുകാത്തിരുന്നവസാനം മിനിഞ്ഞാന്നു്‌ ഏതാണ്ടു്‌ മുക്കാല്‍ഭാഗം വളര്‍ന്ന ഒന്നിനെ കിട്ടി. ദുബായിലാണെങ്കില്‍ ഇപ്പൊ ഹ്യുമിഡിറ്റി 70 ശതമാനത്തിലധികം. എന്റെ പെട്ടിയില്‍ ഒന്നും പതിയുന്നില്ല. ഷട്ടര്‍ സ്പീഡു്‌ കുറച്ചു വച്ചെടുത്തതാണിവനെ.


പിറ്റേന്നു്‌, അതായതു്‌ ഇന്നലെ, കുറച്ചുകൂടെ മുഴുത്ത ഒന്നിനെ കിട്ടാനായി കുറേനേരം നോക്കിയിട്ടും കാണഞ്ഞപ്പോള്‍ മടുത്തു വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയില്ലതിനുമുന്‍പു്‌ പിറകേന്നൊരു കൂവല്‍.

"സിദ്ധാര്‍ത്ഥാ ദേണ്ടെടാ ചന്ദ്രന്‍"

ദേവനായതുകൊണ്ടു്‌ സത്യമായിരിക്കും. തിരിച്ചോടി. കാല്‍നടക്കാര്‍ക്കുള്ള പാലത്തിനു്‌ മുകളില്‍ കയറി തലങ്ങും വിലങ്ങും ക്ലിക്കി.

ങേഹെ മൂപ്പരു പിടിതരുന്നില്ല. ഒരണ്ണം ഇതാ. എന്റെ ക്യാമറയിലിതിങ്ങനെയേകിട്ടുന്നുള്ളൂ. എന്തു ചെയ്താല്‍ ക്ലിയറാവുമെന്നറിവുള്ളവര്‍ പറഞ്ഞു തരിക.





ഷട്ടര്‍ സ്പീഡു്‌ കുറച്ചുവച്ച വേറൊന്നിതാ.





ഇന്നു്‌ പൂര്‍ണ്ണചന്ദ്രനാണെന്നു്‌ തോന്നുന്നു. ഇന്നത്തേതില്‍ എന്തെങ്കിലും കിട്ടിയാലായി. നാളെമുതലിവന്‍ മെലിയാന്‍ തുടങ്ങും. പിന്നിനി ചന്ദ്രന്റെ പുറകെ വക്കാരിയാകാന്‍ ഞാനില്ല.

ഇപ്പൊഴാണു്‌ ഒരു ശ്ലോകം ഓര്‍മ്മവന്നതു്‌. ഉമേഷിനു്‌ ശരിയാക്കാനായി അതുമിടുന്നു.

അയമമൃതനിധാനം നായകോ പ്യോഷധീനാം

ശതഭിഷഗനുയാതം ശംഭു മൂര്‍ദ്ധോവതംസേ

വിരഹയതി നചൈനം രാജയക്ഷ്മാ ശശാങ്കം

ഹതവിധിപരിപാകം കേനവാ ലംഘനീയം

Sunday, June 11, 2006

മുല്ലപ്പൂ (ബ്ലോഗ്ഗറല്ലേ)

ഷാര്‍ജയില്‍ ഒരു വീട്ടിലെ മതിലിനു മുകളിലൂടെ ചാഞ്ഞിറങ്ങി വന്ന മുല്ലവള്ളിയില്‍ ഇവയെ കണ്ടപ്പോള്‍ എനിക്കു്‌ മാമുക്കോയ പണ്ടൊരു പടത്തില്‍ പറഞ്ഞ ഫലിതമാണോര്‍മ്മ വന്നതു്‌.





"ചെറുപ്പത്തില്‍ എന്റെ പല്ലുകള്‍ മുല്ലമൊട്ടുപോലെയായിരുന്നു"












"വളര്‍ന്നപ്പോഴതു്‌ വിടര്‍ന്നു."




ഞങ്ങളുടെ നാട്ടില്‍ ഇതിനെ കൊണ്ടമുല്ല എന്നുവിളിക്കും. ഇനി അങ്ങനെ വിളിച്ചില്ലെങ്കിലും ഇതിനു്‌ പരിഭവമുള്ളതായി കണ്ടിട്ടില്ല.


( ഇതില്‍ കാണാനസൌകര്യങ്ങളുള്ളവര്‍ക്കായി ഈ ചിത്രങ്ങള്‍ ബക്കറ്റിലിടുന്നു. മൊട്ടിവിടേം പൂവിവിടേം )

Wednesday, June 07, 2006

ഒരു ഗോമ്പിനേഷന്‍


"യെസ്, അപ്പോള്‍ ഫോട്ടൊഗ്രാഫിയില്‍ കമ്പം തുടങ്ങിയല്ലേ... ഈ പടം കൊള്ളാം. പക്ഷേ കുറേം കൂടി നന്നാക്കാനുണ്ട്. നമ്മള്‍ ക്യാമറയിലെ ആ കുഞ്ഞുകണ്ണാടിയില്‍ കൂടെ നോക്കുമ്പോള്‍ എന്തു കാണുന്നു എന്നുള്ളതനുസരിച്ചാണ് പടങ്ങള്‍ ബ്ലോഗില്‍ വരുന്നത്. ഉദാഹരണത്തിന് നമ്മള്‍ ഒരു പക്ഷിയെ ആണ് ഉന്നം വെക്കുന്നതെന്നോര്‍ക്കുക. ചില തുരപ്പന്മാര്‍, അതിരിക്കുന്ന ചില്ലയും, മരവും അയലോക്കത്തെ വീടും അവിടുത്തെ വീട്ടുകാരെയുമൊക്കെ കാണും. പാടില്ല. ഏകത്തില്‍ അഗ്രം വേണം. നമ്മള്‍ ആ പക്ഷിയുടെ കണ്ണു മാത്രമേ കാണാവൂ. അങ്ങിനെയല്ലേ അര്‍ജ്ജുനനൊക്കെ പേരുകേട്ട ഫോട്ടോ പിടുത്തക്കാരായത്.
അതുകൊണ്ട് അങ്ങിനെയൊക്കെ പടം പിടിക്കൂ. വിജയീ ഭവ."


ഈ പറഞ്ഞതു്‌ വക്കാരി ഉസ്താദു്‌. പിന്നെ ഒന്നും നോക്കീല. ക്യാമറയുള്ളപ്പോള്‍ ക്യാ മറ? അതും തൂക്കി പുറത്തേക്കിറങ്ങി. നാടായ നാടൊക്കെ ചുറ്റി. മരം വേണം. പിന്നെ ഒരു പഷ്കിയും.

"കല്ലെക്കണ്ടാല്‍ നായെക്കാണൊ
നായെക്കണ്ടാല്‍ കല്ലെക്കാണൊ"

എന്നമാതിരിയായി കാര്യങ്ങള്‍. മരം കിട്ടിയാല്‍ പക്ഷിയെ കിട്ടാനില്ല. വല്ല വിധേനയും പക്ഷിയെ കണ്ടു പിടിച്ചാല്‍ മരമെവിടെ?

വലഞ്ഞു. ശരിക്കും വലഞ്ഞു. തൊട്ടടുത്തു വണ്ടി ചവിട്ടിനിര്‍ത്തിയിട്ടു്‌ ഒരറബി ജനലിലൂടെ പകുതിശരീരം പുറത്തേക്കിട്ടു്‌ നിലവിളിച്ചു.

ഇന്ത മജ്നൂന്‍??
മായി ഷൂഫ്‌ സെയ്യാരീ??

തര്‍ജ്ജമ: നിനക്കെന്താ നട്ടപ്രാന്താണോ? എന്റെ വണ്ടി വരുന്നതു്‌ കണ്ടില്ലേ?(പ്രാന്തിന്റെ കാര്യം അവന്റെ ആംഗ്യത്തില്‍ നിന്നു മനസ്സിലായി)

അവസാനം തണലുപറ്റി ഒരു മരത്തിന്റെ ചുവട്ടിലിരുന്നു. വരരുചി മയങ്ങിയപോലെ ഒന്നു മയങ്ങി. അപ്പോള്‍ ആരോ സംസാരിക്കുന്നതു കേട്ടു.

"ഈ താഴെ ഇരുന്നുറങ്ങുന്നതാരാണെന്നറിയാമോ?"

"അറിയില്ല. ആരാ? ദുബൈ റൂളറാ?"

"ശ്ശെ മണ്ടീ അല്ല. ഇയ്യാളെ കണ്ടാല്‍ അങ്ങനെ തോന്നുമോ"

"പിന്നെ?"

"ജപ്പാനില്‍ നിന്നൊരു കല്യാണരാമന്‍ നല്ല ഫോട്ടോ എടുക്കുന്നതിനൊരുപമ പറഞ്ഞതുകേട്ടു്‌ പക്ഷികളെ തപ്പിയിറങ്ങിയിരിക്കുവാണീ മണ്ടന്‍"

" എന്നിട്ടിയാളെന്തു ചെയ്യാന്‍ പോകുന്നു"

"എന്തു ചെയ്യാന്‍. 3 സെക്കന്‍ഡുകള്‍ക്കകം ഇയ്യാള്‍ ഉറക്കമുണരും പിന്നെ നമ്മുടെ പടമെടുക്കും പിന്നെ അതു ബ്ലോഗ്ഗിലിടും അതു എക്കാലത്തേയും മികച്ച പടമായിരിക്കും."

"അയ്യേ ഞാനില്ല. ഇന്നലെ എന്റെ പുരികം ഷേപ്പു ചെയ്യാന്‍ മറന്നു"

"ന്നാല്‍ നീ പൊയ്ക്കോ ഞാനിവിടിരുന്നു്‌ ചരിത്രത്തിന്റെ ഭാഗമാവാന്‍ പോകുന്നു"

ഞാനുണര്‍ന്നു.
നേരെ മുകളില്‍ രണ്ടു പക്ഷികള്‍. ഒട്ടുമമാന്തിച്ചില്ല. ക്യാമറയെടുത്തു്‌ ഒരു കണ്ണടച്ചു്‌ ഉന്നം നോക്കി.
ങ്‌ഹേ! ഒരു പക്ഷിമാത്രമെയുള്ളല്ലോ. ഏകാഗ്രത കൂടിപ്പോയോ?


ഇത്തിരി ഏകാഗ്രത കുറച്ചു. പിന്നെ ക്ലിക്കി




(ചിത്രം കാണാന്‍ കഴിയാത്തവര്‍ക്കായി ആയതു്‌ ബക്കറ്റില്‍ ഇവിടെ )

Monday, June 05, 2006

മുക്കാലിഫ


ഈ ബ്ലോഗ്ഗിന്റെ പേരുകേട്ടിട്ടറബിനാട്ടിലല്ലാത്തവര്‍ ദീപശിഖ ദര്‍ശിച്ച പെരുച്ചാഴി വര്യന്മാരെപ്പോലിരിക്കുന്നതെനിക്കു കാണാം (cr. v.k.n). മുക്കാലിഫ എന്നാല്‍ ഫൈന്‍ അഥവാ പിഴ. നോ ബാര്‍കിങ്ങ്‌-ന്റെ തൊട്ടുതാഴെ ബാര്‍ക്കു ചെയ്ത ഈ ബെന്‍സിന്റെ ഉടമ ഒരു കാശുകാരനായിരിക്കണമല്ലെങ്കില്‍ മുറൂറില്‍ വാസ്തയുള്ളയാള്‍ ( ദേ പിന്നേം പെരുച്ചാഴികള്‍- മുറൂറെന്നാല്‍ ഇവിടുത്തെ ട്രാഫിക്‌ ഓഫീസ്‌,വാസ്തയെന്നാല്‍ സ്വാധീനമെന്നും ശുപാര്‍ശയെന്നും അര്‍ഥം പറയാമെന്നു തോന്നുന്നു.) ആയിരിക്കണം. കാരണം പിറ്റേന്നു കാലത്തും അയാളാതവിടെ തന്നെ കൊണ്ടിട്ടു.

ശ്രീഭൂവിലസ്ഥിര


ഈ പൂവിനെ ഡെഡിക്കേറ്റുന്നതു്‌, ഇതെടുത്ത ക്യാമറ വാങ്ങാനുപദേശിച്ച ദേവനും പിന്നെ വിദ്യക്കും.

ഫോട്ടോ കൊള്ളാമെന്നാലതിന്റെ ക്രെഡിറ്റെനിക്കും കൊള്ളില്ലെങ്കിലതിന്റെ ക്രെഡിറ്റു്‌ ദേവനും എന്നര്‍ഥമുണ്ടോ ഈ ഡെഡിക്കേഷനു്‌?

ഹേയ്‌ ഇല്ല മരംവെട്ടറിയാത്തതിനു്‌ കോടാലിയെ....

കുമാര്‍, തുളസി, നളന്‍, വക്കാരി, യാത്രാമൊഴി, മുതലായ മുന്‍പേ ഗമിച്ച ഗോവര്യന്മാര്‍ ഈ പോത്തിനെ നേര്‍വഴിക്കു നയിക്കുമെന്നു പ്രതീക്ഷിച്ചു കൊണ്ടു്‌ ഈ ബ്ലോഗു്‌ ഉല്‍ഘാടനം ചെയ്തു കൊള്ളുന്നു.

Followers