Monday, January 01, 2007

നാട്ടില്‍ നിന്നു്

നാട്ടില്‍നിന്നുവന്നിട്ടൊരുമാസത്തിലധികമായെങ്കിലും ഇത്രകാലം അവിടുത്തെ പടങ്ങളൊന്നും പോസ്റ്റു ചെയ്യാതിരുന്നതു് എന്റെ ജോലിത്തിരക്കുകൊണ്ടൊന്നുമല്ല. മടി തന്നെ മടി.

ഞാനൊരു കാര്യം പഠിച്ചു. ഈ ലോകത്തില്‍ മടി കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരേയൊരാള്‍ മടിയാണെന്നു്. നമ്മളു വെറുതേ ഇരുന്നു കൊടുത്താല്‍ മതിയെന്നേ. ഇവനിറങ്ങിപ്പോയി അങ്ങനെ ഇരിക്കാനുള്ള സകല കാരണവും കണ്ടുപിടിച്ചു കൊണ്ടുവരും. എവിടെയൊക്കെ തെണ്ടിയിട്ടാണെങ്കിലും. ആദ്യം ലാപ്ടോപ് വാങ്ങിയിട്ടു മതിയെന്നു പറഞ്ഞു. പിന്നതില്‍ തീമതിലിട്ടിട്ടുമതിയെനു പറഞ്ഞു. അങ്ങനെയെന്തൊക്കെ!

ഈ സംഗതി പഠിച്ചസ്ഥിതിക്കു് ഞാനൊരു കാര്യം തീരുമാനിക്കുകയും ചെയ്തു. ഇവന്‍ ചെയ്യരുതെന്നുപറയുന്നതിനെ ചെയ്യുക. ഇവനെ തോല്‍പ്പിക്കാനിതൊറ്റ വഴിയേയുള്ളൂ. ഇവനാണു പറയുന്നതെന്നുറപ്പിക്കാന്‍ സ്വല്പം റ്റ്രെയിനിങ് ആവശ്യമുണ്ടു്. അതു് തപാല്‍ വഴി പഠിപ്പിച്ചു കിട്ടാന്‍ കൂട്ടം കൂട്ടമായി നമ്മെ സമീപിക്കുക.

പിന്നെ വേറൊരു വഴിയുള്ളതു് ആരെങ്കിലും മടിയനെന്നു് വിളിക്കുന്നതുവരെ കാത്തിരിക്കുക എന്നതാണു്.ഇപ്പോള്‍ അപ്പണി സ്നേഹപൂര്‍വം ചെയ്ത ദേവനു് പടങ്ങള്‍ ഡെഡിക്കേറ്റുന്നു.

പടങ്ങളു താഴെ

എന്റെ നാടിന്റെ പടമാവട്ടെ ആദ്യം.

ഇവിടെ വലതുവശത്തായികാണുന്ന അമ്പലക്കുളത്തിന്റെ കരയിലുള്ള ആല്‍മരത്തിനു ചുവട്ടിലിരുന്നെടുത്ത പടം. വീടിനരികിലൂടെ ദൂരെകാണുന്ന ആ‍ല്‍മരം കണ്ണൂസ് സര്‍വകലാശാലയെന്നു വിശേഷിപ്പിച്ച ഈടുവെടിയാല്‍ ആകുന്നു. മാപിയയില്‍ അതു കാണാം.





കാവശ്ശേരി പൂരം നടക്കുന്ന നെല്പാടങ്ങളാണു് താഴെ. മുകളില്‍ അവിടത്തെ പ്രശാന്തസുന്ദരമായ ആകാശം.ഈ ആകാ‍ശത്തിനു താഴെ ആ കാണുന്ന കല്‍ചത്വരത്തിലിരുന്നാണു് ആകാശം മാത്രം അതിരുകളായുള്ള സ്വപ്നങ്ങള്‍ ഞങ്ങള്‍ നെയ്തിരുന്നതു്. ഞങ്ങള്‍ക്കുശേഷവും ഇന്നാട്ടുകാര്‍ അതിനെ സ്ക്വയര്‍ എന്നു വിളിക്കുന്നു.


നാട്ടില്‍ എവിടെ തിരിഞ്ഞാലും ഈ പറഞ്ഞ പണ്ടാറഭംഗിയാണു് എല്ലാമെടുത്തു് ഇവിടിടാന്‍ പറ്റില്ലല്ലോ. തെരഞ്ഞുപിടിച്ച ഒരു പുഷ്പം.





ഇതിനെ പകര്‍ത്താന്‍ നേരത്തു് ദുബായ്ക്കാര്‍ക്കെല്ലാം പ്രാന്താണെന്നു് ഒരു അശരീരി കേട്ടു. ( അചിന്ത്യാമ്മയ്ക്കെവിടാ ശരീരം??)



ഇതു് പാലക്കാടു് ഗോവിന്ദാപുരത്തിനടുത്തുള്ള സീതാര്‍കുണ്ടു് എന്ന നീരൊഴുക്കു്. വെള്ളച്ചാട്ടമെന്നും പറയും.






താഴെ അതിന്റെ താഴ്വരയിലെ ഒരു ദൃശ്യം.




ഇതിനടുത്തുള്ള എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നെടുത്ത പടം. മഴകാണാന്‍ കിട്ടാത്ത ദുബായ്ക്കാര്‍ക്കതിന്റെ പടം കൊണ്ടുകാണിക്കാമെന്നു വച്ചു് കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി കൊണ്ടുവന്നപ്പോള്‍ ഇവിടെ മഴ തകര്‍ത്തുപെയ്യുന്നു. :(





തല്‍ക്കാലം ഇത്രയും. ബാക്കി സമയം പോലെ.

Wednesday, October 18, 2006

പൊഞ്ഞാറു്






ഇതു ദുബായിലെ പെട്രോള്‍ പമ്പു്. നേരം വെളുക്കുന്നതിനു് തൊട്ടുമുന്‍പെടുത്ത പടം. നാഴികയ്ക്കു നാല്‍പ്പതു വട്ടമിതു തന്നെ കാണുന്ന യൂയേയിക്കാര്‍ ക്ഷമിക്കുക. ഇതിവിടെ സ്ഥാപിച്ചതു് മറ്റൊരുദ്ദേശത്തിലാണു്.

അതു പറയാം.

ഞാന്‍ നാട്ടിലേക്കു് പോകുന്നു. മറ്റന്നാള്‍. അതായതു് ഒക്ടോബര്‍ 20നു്. അഞ്ചെട്ടുപത്തു വര്‍ഷമായി ഞാനിവിടെ തന്നെ താമസിക്കാന്‍ തുടങ്ങിയിട്ടു്. അപ്പോള്‍ പിന്നെ നാട്ടിലേക്കു പോകുമ്പോള്‍, അതൊരുമാസത്തിനെങ്കില്‍ അതിനു്, എനിക്കു് സ്വാഭാവികമായും സാധാരണ പറയപ്പെടുന്ന ഗൃഹാതുരത്വം ഉണ്ടാവേണ്ടതല്ലേ? അങ്ങനെ ഒരു മാസത്തേക്കു് എന്നില്‍ ടി സാധനം ഉളവാക്കിയേക്കാവുന്ന, ചില കാഴ്ചകളാണു് ഇവിടെ.

നേരത്തേ കണ്ട പെട്രോള്‍ പമ്പു് അതിലൊന്നാകുന്നു.

മിസ് ആവാന്‍ വേണ്ട മരങ്ങളും പുഷ്പങ്ങളുമടങ്ങിയ മനോഹര കാഴ്ചകളും ഇവിടെ വേണ്ടുവോളം

ഉദാഹരണം നമ്പര്‍ 1





ആഹാ എന്താ ഭങ്ങി!

ഉദാഹരണം നമ്പര്‍ 2






പോട്ടെ ഇതൊക്കെ അവിടെയുമുണ്ടെന്നു പറയാം.

എന്നാലിതോ?






പഴം ഉണങ്ങി ചപ്പി വരണ്ടതവിടേം കിട്ടും. ഇങ്ങനെ മരത്തേന്നു പൊട്ടിച്ചു തിന്നാനാഗ്രഹമുള്ളവരേ, നിങ്ങളെ ഗള്‍ഫ് മാടി മാടി വിളിക്കുന്നു.;)


പടത്തിലുള്ള ഈ കൊച്ചു്, ബ്ലോഗിന്റെ ഒരു സ്ഥിരം വായനക്കാരനും എന്റെ ബാല്യകാല കൂട്ടുകാരനും ബന്ധുവും ഒക്കെ ആയ ഒരാളുടേയും അയാളുടെ ഭാര്യ ആയ എന്റെ കസിന്റേയും പുത്രിയാകുന്നു. മാമ്മോദീസാ പേരു് ആഷ്‌ലി. വിളിപ്പേരു് ഫ്രൂട്ടി.
ഇവളും ഇപ്പറഞ്ഞ ഒരു മാസത്തെ നഷ്ടമാണു്. അതുകൊണ്ടവളുടെ പടം.






പിന്നെയെന്താ?
പിന്നെയീ ബൂലോകവും ബൂലോകരു മൊത്തവും.
ഹാവൂ നൊവാള്‍ജിയ തന്നെ! നൊവാള്‍ജിയ!

Saturday, June 24, 2006

ഇരുളും വെളിച്ചവും.

ഇതെന്റെ ജ്യേഷ്ഠന്റെ പുത്രന്‍. ഇവനെ കണ്ടാല്‍ എനിക്കു്‌ ബാലരമയിലെ അപ്പൂസി(henry)നെ ഓര്‍മ്മ വരും.

ഫോട്ടോ എടുക്കാന്‍ പഠിപ്പിച്ചതിവനാണു്‌. എന്റെ ഗുരു. ഞാനാദ്യമെടുത്തഫോട്ടോയുമിവന്റെ തന്നെ.



"ഇതു്‌ കിച്ചന്‍ അതു്‌ ബാത്രൂം ഇതു വാതില്‍." അവന്‍ എനിക്കു്‌ പറഞ്ഞു തന്നു.

"ഡാ ആദ്യം അതു മലയാളത്തില്‍ പഠിക്കു്‌ കിച്ചന്‍ എന്നാല്‍ അടുക്കള" ഞാന്‍ പറഞ്ഞു.

"അപ്പോ ബാത്രൂം?" അവന്‍.

"കുളിമുറി" ഞാന്‍.

"അപ്പോ വാതില്‍?"

ഞാനെന്തു പറയും?
ഇപ്പൊഴേ ഇംഗ്ലീഷ്‌ മലയാളം വിവേചനമുണ്ടാക്കി അവനെ വഴിതെറ്റിക്കാന്‍ ശ്രമിച്ച എന്നെ തല്ലിക്കൊല്ലണ്ടേ.

അവനാ വാതില്‍ തുറന്നു. ഞാന്‍ ക്യാമറ തപ്പിയെടുത്തു ക്ലിക്കി.




"എനിക്കന്ധകാരമായിരുന്നു ഇഷ്ടം. നീയിതുതുറന്നതെന്തിനു്‌?"

അവന്‍ ചിരിച്ചു.
സകലമാന സമസ്യകളും പരിഹരിച്ചുതരുന്ന ഗുരുവിന്റെ ചിരി.
അതില്‍ എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമുണ്ടായിരുന്നു

Wednesday, June 21, 2006

അറബിനാട്ടിലല്ലാത്തവര്‍ക്കു്‌ -1

കജൂര്‍ (dates)


ഇതിപ്പോള്‍ പഴുത്തു തുടങ്ങിയിരിക്കുന്നു. പഴുത്തതിന്റെ പടം ഉടനേ വരും തല്‍ക്കാലം ഇതിനെ എല്ലാവരും പങ്കിടുക.




പിക്കാസും മണ്‍വെട്ടിയുമൊക്കെ ഉപയോഗിക്കാന്‍ മനസ്സുണ്ടായിട്ടല്ല വക്കാരീ. ഗൂഗിളിനു ചിലപ്പോള്‍ മൊഡ. പടം അപ്‌ലോഡിയെന്നുപറയും നമ്മള്‍ ചെന്നു നോക്കുമ്പോള്‍ പടവുമില്ല പൂടയുമുണ്ടാവില്ല. അതു കൊണ്ടാണു്‌ മറ്റു മാര്‍ഗ്ഗങ്ങളാരാഞ്ഞതു്‌. ഇപ്രാവശ്യം എല്ലാ പടവും ഗൂഗിളില്‍.

കുട്ട്യേടത്തിയുടേയും തുല്യദുഃഖിതരായ മറ്റുള്ളവരുടേയും ശ്രദ്ധയ്ക്കു്‌: "ഈ പടം കണ്ടിട്ടില്ലെങ്കില്‍ ബൂലോഗത്തെ ഏറ്റവും മികച്ച പടം നിങ്ങള്‍ കണ്ടിട്ടില്ല" (ക്രെഡിറ്റിടാന്‍ ഇതേതു സിനിമയുടെ പരസ്യവാചകമാണെന്നതു്‌ മറന്നു പോയി )

Saturday, June 17, 2006

ഒരു സൂര്യന്‍ കൂടെ മരിച്ചുവീഴുന്നു




ദുബായ്‌ കോര്‍ണിഷില്‍ നിന്നുള്ള ദൃശ്യം.

picasa ഉപയോഗിച്ചു്‌ ബ്ലോഗിലേക്കു്‌ പടം കയറ്റുമ്പോള്‍ കാര്യങ്ങള്‍ എല്ലാം നടക്കുന്നുണ്ടു്‌. ബ്ലോഗ്ഗറുടെ പേരുവിവരം, വിലാസം മുതലായവ ചോദിക്കുന്നു, ഡ്രാഫ്റ്റ്‌ ആക്കിത്തരുന്നു, പ്രിവ്യൂ കാണിച്ചു തരുന്നു, പബ്ലിഷ്‌ ചെയ്യട്ടോ എന്നു ചോദിക്കുന്നു, ഉത്തരമെടുക്കുന്നു, അവസാനം പബ്ലിഷ്‌ ചെയ്തെന്നു വരെ പറഞ്ഞു കളയുന്നൂ ഈ മഹാന്‍. എന്നാല്‍ പോസ്റ്റ്‌ മാത്രമില്ല. ഇല്ല, കാണാനേയില്ല. ഞാനൊരു ദിവസം മുഴുവനും കാത്തിരുന്നു. കിം ഫലം? അതുപയോഗിച്ചെങ്ങനെ പോസ്റ്റാം എന്നറിയാവുന്നവര്‍ പറഞ്ഞു തരിക.

ഇനി ബക്കറ്റിലൊരെണ്ണം.

ഒന്നു്‌ ചീയുമ്പോള്‍....





ഇതുമിരിക്കട്ടെ ഒരു വഴിക്കു്‌ പോകുന്നതല്ലേ ;)



  

Tuesday, June 13, 2006

ചന്ദ്രേട്ടന്‍

ഗ്ലബ്ബിലൊരു നിലാവിട്ടതിനെ തുടര്‍ന്നു്‌ ഒറിജിനലിനെ തപ്പി നടപ്പുദീനം തുടങ്ങിയിട്ടു്‌ നാളേറെയായി. പിന്നെ കണ്ടനിലാവെല്ലാം ഭാസ്ക്കരന്മാഷിന്റെ പാട്ടിന്റെ ചേലുക്കുള്ളതു്‌. ഇതൊക്കെ വലുതായിവരട്ടെ എന്നുകാത്തിരുന്നവസാനം മിനിഞ്ഞാന്നു്‌ ഏതാണ്ടു്‌ മുക്കാല്‍ഭാഗം വളര്‍ന്ന ഒന്നിനെ കിട്ടി. ദുബായിലാണെങ്കില്‍ ഇപ്പൊ ഹ്യുമിഡിറ്റി 70 ശതമാനത്തിലധികം. എന്റെ പെട്ടിയില്‍ ഒന്നും പതിയുന്നില്ല. ഷട്ടര്‍ സ്പീഡു്‌ കുറച്ചു വച്ചെടുത്തതാണിവനെ.


പിറ്റേന്നു്‌, അതായതു്‌ ഇന്നലെ, കുറച്ചുകൂടെ മുഴുത്ത ഒന്നിനെ കിട്ടാനായി കുറേനേരം നോക്കിയിട്ടും കാണഞ്ഞപ്പോള്‍ മടുത്തു വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയില്ലതിനുമുന്‍പു്‌ പിറകേന്നൊരു കൂവല്‍.

"സിദ്ധാര്‍ത്ഥാ ദേണ്ടെടാ ചന്ദ്രന്‍"

ദേവനായതുകൊണ്ടു്‌ സത്യമായിരിക്കും. തിരിച്ചോടി. കാല്‍നടക്കാര്‍ക്കുള്ള പാലത്തിനു്‌ മുകളില്‍ കയറി തലങ്ങും വിലങ്ങും ക്ലിക്കി.

ങേഹെ മൂപ്പരു പിടിതരുന്നില്ല. ഒരണ്ണം ഇതാ. എന്റെ ക്യാമറയിലിതിങ്ങനെയേകിട്ടുന്നുള്ളൂ. എന്തു ചെയ്താല്‍ ക്ലിയറാവുമെന്നറിവുള്ളവര്‍ പറഞ്ഞു തരിക.





ഷട്ടര്‍ സ്പീഡു്‌ കുറച്ചുവച്ച വേറൊന്നിതാ.





ഇന്നു്‌ പൂര്‍ണ്ണചന്ദ്രനാണെന്നു്‌ തോന്നുന്നു. ഇന്നത്തേതില്‍ എന്തെങ്കിലും കിട്ടിയാലായി. നാളെമുതലിവന്‍ മെലിയാന്‍ തുടങ്ങും. പിന്നിനി ചന്ദ്രന്റെ പുറകെ വക്കാരിയാകാന്‍ ഞാനില്ല.

ഇപ്പൊഴാണു്‌ ഒരു ശ്ലോകം ഓര്‍മ്മവന്നതു്‌. ഉമേഷിനു്‌ ശരിയാക്കാനായി അതുമിടുന്നു.

അയമമൃതനിധാനം നായകോ പ്യോഷധീനാം

ശതഭിഷഗനുയാതം ശംഭു മൂര്‍ദ്ധോവതംസേ

വിരഹയതി നചൈനം രാജയക്ഷ്മാ ശശാങ്കം

ഹതവിധിപരിപാകം കേനവാ ലംഘനീയം

Sunday, June 11, 2006

മുല്ലപ്പൂ (ബ്ലോഗ്ഗറല്ലേ)

ഷാര്‍ജയില്‍ ഒരു വീട്ടിലെ മതിലിനു മുകളിലൂടെ ചാഞ്ഞിറങ്ങി വന്ന മുല്ലവള്ളിയില്‍ ഇവയെ കണ്ടപ്പോള്‍ എനിക്കു്‌ മാമുക്കോയ പണ്ടൊരു പടത്തില്‍ പറഞ്ഞ ഫലിതമാണോര്‍മ്മ വന്നതു്‌.





"ചെറുപ്പത്തില്‍ എന്റെ പല്ലുകള്‍ മുല്ലമൊട്ടുപോലെയായിരുന്നു"












"വളര്‍ന്നപ്പോഴതു്‌ വിടര്‍ന്നു."




ഞങ്ങളുടെ നാട്ടില്‍ ഇതിനെ കൊണ്ടമുല്ല എന്നുവിളിക്കും. ഇനി അങ്ങനെ വിളിച്ചില്ലെങ്കിലും ഇതിനു്‌ പരിഭവമുള്ളതായി കണ്ടിട്ടില്ല.


( ഇതില്‍ കാണാനസൌകര്യങ്ങളുള്ളവര്‍ക്കായി ഈ ചിത്രങ്ങള്‍ ബക്കറ്റിലിടുന്നു. മൊട്ടിവിടേം പൂവിവിടേം )

Followers