Monday, January 01, 2007

നാട്ടില്‍ നിന്നു്

നാട്ടില്‍നിന്നുവന്നിട്ടൊരുമാസത്തിലധികമായെങ്കിലും ഇത്രകാലം അവിടുത്തെ പടങ്ങളൊന്നും പോസ്റ്റു ചെയ്യാതിരുന്നതു് എന്റെ ജോലിത്തിരക്കുകൊണ്ടൊന്നുമല്ല. മടി തന്നെ മടി.

ഞാനൊരു കാര്യം പഠിച്ചു. ഈ ലോകത്തില്‍ മടി കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരേയൊരാള്‍ മടിയാണെന്നു്. നമ്മളു വെറുതേ ഇരുന്നു കൊടുത്താല്‍ മതിയെന്നേ. ഇവനിറങ്ങിപ്പോയി അങ്ങനെ ഇരിക്കാനുള്ള സകല കാരണവും കണ്ടുപിടിച്ചു കൊണ്ടുവരും. എവിടെയൊക്കെ തെണ്ടിയിട്ടാണെങ്കിലും. ആദ്യം ലാപ്ടോപ് വാങ്ങിയിട്ടു മതിയെന്നു പറഞ്ഞു. പിന്നതില്‍ തീമതിലിട്ടിട്ടുമതിയെനു പറഞ്ഞു. അങ്ങനെയെന്തൊക്കെ!

ഈ സംഗതി പഠിച്ചസ്ഥിതിക്കു് ഞാനൊരു കാര്യം തീരുമാനിക്കുകയും ചെയ്തു. ഇവന്‍ ചെയ്യരുതെന്നുപറയുന്നതിനെ ചെയ്യുക. ഇവനെ തോല്‍പ്പിക്കാനിതൊറ്റ വഴിയേയുള്ളൂ. ഇവനാണു പറയുന്നതെന്നുറപ്പിക്കാന്‍ സ്വല്പം റ്റ്രെയിനിങ് ആവശ്യമുണ്ടു്. അതു് തപാല്‍ വഴി പഠിപ്പിച്ചു കിട്ടാന്‍ കൂട്ടം കൂട്ടമായി നമ്മെ സമീപിക്കുക.

പിന്നെ വേറൊരു വഴിയുള്ളതു് ആരെങ്കിലും മടിയനെന്നു് വിളിക്കുന്നതുവരെ കാത്തിരിക്കുക എന്നതാണു്.ഇപ്പോള്‍ അപ്പണി സ്നേഹപൂര്‍വം ചെയ്ത ദേവനു് പടങ്ങള്‍ ഡെഡിക്കേറ്റുന്നു.

പടങ്ങളു താഴെ

എന്റെ നാടിന്റെ പടമാവട്ടെ ആദ്യം.

ഇവിടെ വലതുവശത്തായികാണുന്ന അമ്പലക്കുളത്തിന്റെ കരയിലുള്ള ആല്‍മരത്തിനു ചുവട്ടിലിരുന്നെടുത്ത പടം. വീടിനരികിലൂടെ ദൂരെകാണുന്ന ആ‍ല്‍മരം കണ്ണൂസ് സര്‍വകലാശാലയെന്നു വിശേഷിപ്പിച്ച ഈടുവെടിയാല്‍ ആകുന്നു. മാപിയയില്‍ അതു കാണാം.





കാവശ്ശേരി പൂരം നടക്കുന്ന നെല്പാടങ്ങളാണു് താഴെ. മുകളില്‍ അവിടത്തെ പ്രശാന്തസുന്ദരമായ ആകാശം.ഈ ആകാ‍ശത്തിനു താഴെ ആ കാണുന്ന കല്‍ചത്വരത്തിലിരുന്നാണു് ആകാശം മാത്രം അതിരുകളായുള്ള സ്വപ്നങ്ങള്‍ ഞങ്ങള്‍ നെയ്തിരുന്നതു്. ഞങ്ങള്‍ക്കുശേഷവും ഇന്നാട്ടുകാര്‍ അതിനെ സ്ക്വയര്‍ എന്നു വിളിക്കുന്നു.


നാട്ടില്‍ എവിടെ തിരിഞ്ഞാലും ഈ പറഞ്ഞ പണ്ടാറഭംഗിയാണു് എല്ലാമെടുത്തു് ഇവിടിടാന്‍ പറ്റില്ലല്ലോ. തെരഞ്ഞുപിടിച്ച ഒരു പുഷ്പം.





ഇതിനെ പകര്‍ത്താന്‍ നേരത്തു് ദുബായ്ക്കാര്‍ക്കെല്ലാം പ്രാന്താണെന്നു് ഒരു അശരീരി കേട്ടു. ( അചിന്ത്യാമ്മയ്ക്കെവിടാ ശരീരം??)



ഇതു് പാലക്കാടു് ഗോവിന്ദാപുരത്തിനടുത്തുള്ള സീതാര്‍കുണ്ടു് എന്ന നീരൊഴുക്കു്. വെള്ളച്ചാട്ടമെന്നും പറയും.






താഴെ അതിന്റെ താഴ്വരയിലെ ഒരു ദൃശ്യം.




ഇതിനടുത്തുള്ള എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നെടുത്ത പടം. മഴകാണാന്‍ കിട്ടാത്ത ദുബായ്ക്കാര്‍ക്കതിന്റെ പടം കൊണ്ടുകാണിക്കാമെന്നു വച്ചു് കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി കൊണ്ടുവന്നപ്പോള്‍ ഇവിടെ മഴ തകര്‍ത്തുപെയ്യുന്നു. :(





തല്‍ക്കാലം ഇത്രയും. ബാക്കി സമയം പോലെ.

43 comments:

ദിവാസ്വപ്നം said...

മഴ നനഞ്ഞുകൊണ്ടുനില്‍ക്കുന്ന പടിപ്പുരയുടേ ചിത്രം ഇഷ്ടപ്പെട്ടു.

qw_er_ty

krish | കൃഷ് said...

സിദ്ധാര്‍ഥാ - ചിത്രങ്ങളെല്ലാം മനോഹരം.
അവിടുത്തെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇപ്പോള്‍ നാട്ടില്‍ പോയി വന്ന പോലെ. പരക്കാട്ടുകാവിനടുത്ത വയലല്ലേ ആദ്യ ചിത്രത്തില്‍.
ജൂലായ്‌ - ആഗസ്ത്‌ മാസങ്ങളില്‍ സീതാര്‍കുണ്ട്‌ വെള്ളച്ചാട്ടം കാണാന്‍ നല്ല ഭംഗിയാണ്‌.. അപ്പോള്‍ നിറയെ വെള്ളം താഴേക്കു ഒഴുകുന്നതു വളരെ ദൂരെ നിന്നുപോലും കാണാം.

പുതു വര്‍ഷ ആശംസകള്‍.

കൃഷ്‌ | krish

അനംഗാരി said...

സിദ്ധവൈദ്യന്റെ പടങ്ങള്‍ നന്നായിട്ടുണ്ട്.

Kiranz..!! said...

മടി മാറ്റിവച്ചത് നന്നായി സിഡ്,ദേവേട്ടന്റെ പോസ്റ്റ് കണ്ടു,ചുന്ദരന്‍ മോറന്‍ എന്ന് ചുമ്മാ ഒരു കമന്റ്മിട്ടൂട്ടോ..:)

നന്നായി ചിത്രങ്ങള്‍,മഴയുള്ള തിമിര്‍ക്കുന്ന നാലുകെട്ടിന്റെ പടിപ്പൂര ശരിക്കും തകര്‍ത്തിരിക്കുന്നു..

ബിന്ദു said...

മഴയുടെ ഫോട്ടൊ വളരെ മനോഹരം, നനഞ്ഞ വൈക്കോലിന്റെ മണം ഇവിടെ കിട്ടി. :)

nalan::നളന്‍ said...

തോരാത്ത മഴയെ ഓര്‍മ്മിപ്പിക്കുന്ന പടം. പാടത്തിന്റെ ഭംഗിയും, താഴ്വാരത്തിലെ കാഴ്ചയും നന്നായി പകര്‍ത്തിയിട്ടുണ്ട്.

മടി കൂടപ്പിറപ്പാണല്ലേ, സെയിം പിഞ്ച്!

Unknown said...

പാടപ്പടം, മഴപ്പടം എല്ലാം കലക്കി...
വെള്ളച്ചാട്ടം അതുപോലൊരെണ്ണം പീരുമേട്ടിലുണ്ട്.
ബാക്കി പടങ്ങളും പോരട്ടെ.
വര്‍ഷാരംഭത്തില്‍ മടി വേണ്ട.
ഒരു മാസം കൂടി കഴിഞ്ഞ് മടിക്കാം, എന്തേ?

Abdu said...

ചിത്രങ്ങളിലെ ആ പച്ചപ്പും നനവും പറഞ്ഞ് മടുത്ത വാക്ക് പിന്നെയും പറയിപ്പിക്കുന്നു,

‘ദുബായിക്കാരന്റെ ആ പ്രാന്ത്‘ നഷ്ടപ്പെട്ട എല്ലാവര്‍‍ക്കും നഷ്ടപ്പെട്ട എല്ലാത്തിനോടും ഉണ്ടാ‍വുന്നുണ്ടായിരിക്കണം, നഷ്ടപ്പെടാത്തവന് അതറിയില്ല,

പാ‍ലക്കാട്ടെ സീതാര്‍ക്കുണ്ട്, നെല്ലിയാമ്പതി തുടങ്ങിയവ പുതിയ ടുറിസം സംസ്കാരത്തിന്റെ കണ്ണില്‍നിന്ന് രക്ഷപ്പെട്ട്, ഇപ്പോഴു വളരെ സ്വാഭാവികമായിത്തന്നെ നിലനില്‍ക്കുന്ന ഇന്ത്യയിലെ തന്നെ അപൂര്‍വം സ്ഥലങ്ങളിലൊന്നാണെന്ന് തോന്നുന്നു.

കുറുമാന്‍ said...

സിദ്ധാര്‍ത്ഥോ, എന്താ പടം. നാട്ടില്‍ പോവാന്‍ തോന്നുണു. നൊവാള്‍ജിയ, നൊവാള്‍ജിയാ. മടിയെല്ലാം കളഞ്ഞ്, പിടിച്ച പടങ്ങളെല്ലാം എടുത്ത് പൂശ് മാഷെ

റീനി said...

സിദ്ധാര്‍ഥാ, നല്ല സുന്ദരന്‍ പടങ്ങള്‍! മടിയെ പടിയിറക്കിവിട്ട്‌ കൂടുതല്‍ പടങ്ങള്‍ പോസ്റ്റു.

സു | Su said...

നല്ല ചിത്രങ്ങള്‍.

മടികൂടാതെ എല്ലാം പോസ്റ്റ് ചെയ്യൂ. :)

Anonymous said...

പ്രിയ സിദ്ധാര്‍ഥന്‍.

ആ തേനീച്ചയെ പോസ്‌ ചെയ്യിച്ചതിഷ്ടപ്പെട്ടു

പടങ്ങള്‍ വലുതായതു കൊണ്ടായിരിക്കാം എല്ലാം തുറന്നില്ല.
തുറന്നവയൊക്കെ കണ്ടു ഇഷ്ടപ്പെട്ടു
indiaheritage

Promod P P said...

എടോ ആദ്യത്തെ പടം ആലിന്റെ മുകളില്‍ കയറി ഇരുന്നെടുത്തതാണോ? അതോ പോസ്റ്റാഫീസിന്റെ ടെറസ്സില്‍ നിന്നിട്ടൊ?

Promod P P said...
This comment has been removed by a blog administrator.
വേണു venu said...

ചാറ്റ മഴനനഞ്ഞു നില്‍ക്കുന്ന തുറുവും പടിപ്പുരയും, അവിടെവിടെയൊക്കെയോ കള‍ഞ്ഞു പോയ ഓര്‍മ്മകളും. മനോഹരം.

sreeni sreedharan said...

ബിന്ദുചേച്ചിയുടെ കമന്‍റ് സത്യം.

Unknown said...

സിദ്ധാര്‍ത്ഥേട്ടാ,
ആന്ന് ലാപ്ടോപ്പില്‍ കാണിച്ച് തന്നതില്‍ ആല്‍മരത്തിന്റെ ഇതിലും നല്ല ചിത്രമുണ്ടായിരുന്നല്ലോ. അതെന്തേ ഇടാഞ്ഞത്? :-)

Visala Manaskan said...

സിദ്ദാര്‍ത്ഥാ...
ചങ്കന്‍ പടങ്ങള്‍.
ആ മഴപ്പടം മനസ്സ് കുളിര്‍പ്പിച്ചല്ലോ ഗഡീ‍!

പിന്നെ ആ തേനീച്ചപടം ഒരെണ്ണം ഞാനുമെടുത്തിരുന്നു.... ഇദ് കണ്ടപ്പോ http://www.flickr.com/photos/27263739@N00/342819437/അദോര്‍ത്തു.

myexperimentsandme said...

നോവാള്‍ജിയ പടങ്ങള്‍, ആദ്യത്തേതും മഴപ്പടവും.

നല്‍‌ പട്.

പട്ടിയോടൊക്കെ പറയുന്നതുപോലെ സിറ്റ് എന്ന് പറഞ്ഞാല്‍ തേനീച്ച പിന്നെ അനങ്ങാതിരുന്നോളുമോ?

സ്നേഹിതന്‍ said...

നെല്പാടത്തിന്റേയും മഴയുടേയും ചിത്രങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.

ഓര്‍മ്മകളുണര്‍ത്തുന്നവ.

കണ്ണൂസ്‌ said...

ഞാന്‍ നാട്ടില്‍ പോയിട്ട്‌ ഇതൊന്നും കണ്ടില്ലല്ലോ...:-(

അവിടെ "ആനന്ദം" എന്നൊരു സിനിമയുടെ ഷൂട്ടിംഗ്‌ നടക്കുന്നുണ്ടായിരുന്നു. സ്ക്വയറില്‍ പൃത്ഥിരാജും പദ്‌മപ്രിയയും അനുരാഗവിവശരായി ഇരുപ്പുണ്ടായിരുന്നു..

പണ്ടാറം :(

സിദ്ധാര്‍ത്ഥന്‍ said...

കൃഷ് -അതാ വയലു തന്നെ. വിക്കിമാപിയാ ലിങ്കു് കൊടുത്തിരുന്നല്ലോ. പാലക്കാട്ടെവിടെയാ? ( ആരെങ്കിലും ഇനി ഈ വഴിക്കു വരുമെന്നു വിചാരിച്ചിട്ടല്ല. ചോദിച്ചു വയ്ക്കാമെന്നു് വിചാരിച്ചു.ചെലപ്പൊ വന്നാലോ ;).

തഥാഗതനണ്ണോ പടം ആലിന്റെ ചോട്ടില്‍ നിന്നെടുത്തതു തന്നെ. അതിന്റെ മോളില്‍ കയറിയിരുന്നു, പണ്ടു്. ഇപ്പൊ വയസ്സായി :(

പണിക്കര്‍ സാറിനു് ഞാനയച്ച rss സൂത്രം ഫലിച്ചിരിക്കുമെന്നു കരുതുന്നു.

സിറ്റ് എന്നു പറഞ്ഞാല്‍ അനങ്ങാതിരിക്കും വക്കാരീ. പക്ഷേ അച്ചരസ്ഫുടതയോടെ പറയണം. ഇല്ലെങ്കില്‍ ഇങ്ങനിരിക്കും. ;)

കമന്റുകളിട്ടു് എന്നിലെ ഫോട്ടോഗ്രാഫറെ പ്രോത്സാഹിപ്പിച്ച എല്ലാ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും നന്ദിയുടെ നറുമലരുകള്‍.

Anonymous said...

ആഹാ
വെറുത്യല്ലാ ന്റ്റെ മൂക്ക് ചൊറീണ് ണ്ടാര്ന്നെ.
അതേയ് ചങ്ങായിമാരേ, നിങ്ങളെനിക്ക് വേണ്ടി ഈയൊരു ദൃശ്യം മനസ്സില്‍ കാണ്വോ :

ഞാനും രണ്ട് ദുബായിക്കാഅരും(പേരു പറഞ്ഞ് തരില്ല്യ, പക്ഷെനേരില്‍ കാണുമ്പോരണ്ടിനും ഓരോ ചവിട്ട് കൊടുക്കും)കര്‍ത്താവും മറ്റേ ഗഡീസ്സും കുരിശിമ്മെ ണ്ടായിരുന്നില്ല്യെ. അതു പോലെ എതാണ്ട്-ഇങ്ങനെ ഒരു പുസ്തകപ്രസാധകന്‍റെ പബ്ലിഷിംഗ് ആപ്പീസ്സില്‍ക്ക് കേറിചെല്ലുണു. എന്‍റീ കൂടെള്ള പഹയന്മാര്‍ ബോഡീ ഗാര്‍ഡ്സിനെപ്പോലെ ങ്ങനീ റോയലായിട്ട് എന്നെ കൊന്ണ്ടോവ്‌ണ്ട്. കയ്യില്‍ പക്ഷെ തോക്കും കുന്തോം ഒന്ന്വല്ല.ഒനിന്‍റെ കയ്യിലൊരു സ്റ്റില്‍ കാം. മറ്റോന്‍റെ കയ്യിലൊരു ഹാന്‍ഡീകാം.ഇതു രണ്ടും പക്ഷെ പിടിച്ചിരിക്കണ രീതി ഏതാണ്ട് കുന്തസമാനം തന്നെ. ഈ പ്രസാധകാഅപ്പീസ്സ് ന്നു പരേണത് ഒരു പഴേ ഓടിട്ട വീട് അതിന്‍റെ ഉമ്മറം മുതല്‍ക്കങ്ങട്ട് പുസ്തകങ്ങളന്നെ പുസ്തകങ്നള്‍. അട്ടിയിട്ട് കിടക്കാ.എന്‍റെ ഗാര്‍ഡുകള്‍ പെട്ടെന്ന് എന്ന്യങ്ങട്ട് മറന്നു. ശ്ശെടാ ദേ രണ്ടും കൂടി അവടന്നങ്ങട്ട് പടം പിടി.ആപ്പീസ്സര്‍ ജോണിട് മുമ്പില്‍ അപ്പഴക്കും ഞങ്ങളെത്തീട്ടൊ. ജോണ്യാണെങ്കി ഇരിക്കാനും പറഞ്ഞു. ഈ പഹയ്യന്മാരൊന്ന് ഇരിക്ക്യേ, വര്‍ത്താനെന്തെങ്കിലും പറയേ ഏഹേ...
ജോണി-അപ്പോ നമ്മടെ പുസ്തകത്തിന്‍റെ കാര്യം...
സ്റ്റില്ലന്‍- ആഅ പുസ്തകം പുസ്തകം
ഹാന്‍ഡിക്യാമന്‍- ആ ആ കാര്യം കാര്യം
എന്നിട്ടിവന്മാര്‍ ദാസനേം വിജയ്നേം പോലെ ചാഞ്ഞും ചരിഞ്ഞും ജോണീടെ പടം പിടിക്ക്യാ, പുസ്തകങ്ങള്‍ടെ പടം പിടിക്ക്യാ, മാറാലടെ പടം പിടിക്ക്യാ...
ജോണ്യേ നഷ്ടപ്പെട്ടേന്‍റെ ഒരു നോവാള്‍ജിയ !!!
ദുബായിക്കാര്‍ക്ക് പ്രാന്തന്ന്യാ. ഇടങ്ങളേ , നിങ്ങളും ദുബായിക്കാരനാ, ല്ല്ലേ.നാട്ടിലെങ്ങാനും വന്ന് ന്നമ്മളെങ്ങാനും ഒരുമീച്ച് നടക്കാന്‍ യോഗണ്ട്ടാവോ ആവോ!

Kaippally said...

സിദ്ധാര്ത്ഥ സിംഹം.

എല്ലാം ഇഷ്ടമായി. നല്ല് പൂ
നല്ല ഈച്ച. നല്ല വെള്ളങ്ങള്‍

:)

കുറുമാന്‍ said...

നമ്മുടെ പ്രിയങ്കരനായ സിദ്ധാര്‍ത്ഥന്‍ ഇന്നു പുലര്‍ച്ചെ യു എ ഇ സമയം 3.45 നു ഒരു പിതാവായിരിക്കുന്നു. സിദ്ധാര്‍ത്ഥത്തിനും, സിദ്ധാര്‍ത്ഥിക്കും, കുഞ്ഞിവാവക്കും ആശംസകള്‍.

യൂണികോടെല്ലാം പഠിച്ച് അച്ഛനെ പോലെ നല്ലൊരു പ്രാസംഗികനായി വളരട്ടെ മകനും.

അപ്പോ മാളോരെ, ആശംസിക്കാന്‍ അവസരം തന്നില്ല എന്നു പറയരുത്.....വരൂ

സുല്‍ |Sul said...

ആശംസകള്‍ സിദ്ധാര്‍ത്ഥാ.

ഇപ്പൊ മുഖത്തെ (മനസ്സിലേം) ടെന്‍ഷന്‍ എല്ലാം മാറിയോ?

മൂന്നാള്‍ക്കും നല്ലതു വരട്ടെ.

-സുല്‍

മിടുക്കന്‍ said...

സിദ്ധാര്‍ത്ഥനും കുടുമ്പത്തിനും ആശംസകള്‍,
ഇത് ആദ്യത്തെ കുട്ടിയാണോ..?
അതോ രണ്ടാമത്തേയൊ..? :)

ദേവന്‍ said...

ങേ? അപ്പോ നേരത്തേ ഒരാശംസ ഞാനിട്ടത്‌ എന്തിയേ?

സാരമില്ല, രണ്ടാമതും ആശംസ കുഞ്ഞു സിദ്ധാര്‍ത്ഥാ, ബാക്കി നേരിട്ടു കണ്ടു പറയാം കേട്ടോ.

Anonymous said...

കുഞ്ഞുസിദ്ധാര്‍ത്ഥനു സ്വാഗതം.

അതുല്യ said...

കുറുമാനേ.. ഫൗളു ഫൗളു.. ഞാനാ പരപരാന്ന് നേരം വെളുത്തപ്പ്പോ ദേവദത്തനുണ്ണി ജ്യേഷ്ഠനുണ്ണിയായ വാര്‍ത്ത ബ്ലോഗ്ഗിലിട്ടത്‌.(http://atulya.blogspot.com/2007_01_01_archive.html

... വേഗം മാപ്പ്‌ പറഞ്ഞ്‌ ഗോബ്ലിമെന്റാക്കൂ...

Anonymous said...

ഈ പ്രകാശനത്തിന്റെ സ്വാഗതത്തിന്ന്‌ ശ്രീ സിദ്ധാര്‍ത്തനെ വിളിക്കുന്നത്‌
ശരിയല്ലാത്തതിനാല്‍ ഞാനേറ്റെടുക്കട്ടെ.

അക്ഷരം നക്ഷത്രലക്ഷ്യമാക്കിയ(ശബ്ദ താരാവലി) അച്ചനേക്കാള്‍
നീ മിടുക്കനാകു.

നാളത്തെ കാവശ്ശേരിയുടെ ഭാവി നീയെ.

ഏതു ദേശമാകിലും ഏതു വേഷമാകിലും നീ സജിത്തിന്‌ ജിതനാണ്‌.

നല്ലതേ വരു, നല്ലതേ പറയു.

അഛന്റെ സാരസ്യമോലുന്ന ആ പൈതൃകം വേണ്ടുവോളമുണ്ടാകട്ടെ.

അഭിനന്ദനം ഉമ്മക്കും ഉപ്പക്കും. സന്തോഷത്തില്‍ പംകു ചേരുന്നു.

ജ്യോതിര്‍മയി /ज्योतिर्मयी said...

കുഞ്ഞിന് ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ!

അമ്മയ്ക്കും അച്ഛനും ആശംസകളും അഭിനന്ദനങ്ങളും!
qw_er_ty

Kaithamullu said...

സിദ്ധാര്‍ഥാ,

ആശംസകള്‍!
കുഞ്ഞും അമ്മയും സുഖമായിരിക്കുന്നല്ലോ?
(ഡോക്ടര്‍ പറഞ്ഞതിലും അല്പം വൈകി, അതിനാല്‍ ടെന്‍ഷനും കൂടി, അല്ലേ?)‌

വിചാരം said...

സിദ്ധാര്‍ത്ഥാ.. അഭിനന്ദനങ്ങള്‍ അച്ചനായതില്‍ പടങ്ങള്‍ അടിപൊളിയായതിലും നല്ല ചിത്രങ്ങള്‍

കുഞ്ഞിനും അമ്മയ്ക്കും സുഖായിരിക്കുന്നു എന്നാശിക്കട്ടെ അവര്‍ സുഖായിരിക്കട്ടേന്ന് പ്രാര്‍ത്ഥിക്കുന്നു

Unknown said...

സിദ്ധാര്‍ത്ഥേട്ടന് ആശംസകള്‍!

sandoz said...

ആശംസകള്‍!

Anonymous said...

വാവ എത്തി അല്ലേ :)
ആശംസകള്‍.

ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ, മൂന്നാളെയും

Anonymous said...

കുഞ്ചൂസ്സിനുമ്മ
പിങ്ക് പിങ്ക് നിറള്ള കുഞ്ഞിക്കാലിന്‍റുള്ളില്‍.
അപ്പോ കുമാറ്, ദേവന്‍, ഉമെഷ്, മഞ്ജിത് ഇവരട്യൊക്കെ കുഞ്ഞന്മാര്‍ ചേട്ടന്മാരായോ?
ആണ്‍കുട്ട്യോള്‍ടെ സീസണ്‍?
കുഞ്ഞുസിദ്ധൂന്‍റെ അമ്മക്കുഞ്ഞിനും ഒരുമ്മ.
സ്നേഹം സമാധാനം

ബിന്ദു said...

ആശംസകള്‍!!! :)
qw_er_ty

സിദ്ധാര്‍ത്ഥന്‍ said...

ഇവിടെയും അതുല്യേടവിടേം മെയിലിലും മൊബൈലിലും ഒക്കെയായി ആശംസകള്‍ അറിയിച്ച എല്ലാ സന്മനസ്സുകള്‍ക്കും നന്ദി.

കെട്യോളും കുട്ടിയും സുഖമായിരിക്കുന്നു.

ജയകൃഷ്ണന്‍ said...

ചേട്ടാ അതിമനോഹര മായിരിക്കുന്നു ചിത്രങ്ങള്‍,ഇതൊക്കെ മതിയാക്കി നാട്ടിലേക്കു പൊകാന്‍ തൊന്നുന്നു.....പക്ഷേ നാട്ടിലെത്തിയാല്‍ എല്ലാവരും ചൊദിക്കും എന്നാ പൊണേ.....

പൈങ്ങോടന്‍ said...

നല്ല പടങ്ങള്‍..ഇതിനുശേഷമെന്തേ പുതിയതൊന്നും കണ്ടില്ലല്ലോ?

നിരക്ഷരൻ said...

ഇവിടെ മഴ മാത്രമേ ഉള്ളൂ സിദ്ധൂ..
പടിപ്പുരയില്ല, മരമഴയില്ല, അമ്പലവും, കാവും, പാടവും ഒന്നുമില്ല.

ഒന്നൊന്നര പടങ്ങള്‍ ഗഡീ.
എനിക്കിപ്പ പോകണം നാട്ടില്

Followers