ഞാനൊരു കാര്യം പഠിച്ചു. ഈ ലോകത്തില്‍ മടി കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരേയൊരാള്‍ മടിയാണെന്നു്. നമ്മളു വെറുതേ ഇരുന്നു കൊടുത്താല്‍ മതിയെന്നേ. ഇവനിറങ്ങിപ്പോയി അങ്ങനെ ഇരിക്കാനുള്ള സകല കാരണവും കണ്ടുപിടിച്ചു കൊണ്ടുവരും. എവിടെയൊക്കെ തെണ്ടിയിട്ടാണെങ്കിലും. ആദ്യം ലാപ്ടോപ് വാങ്ങിയിട്ടു മതിയെന്നു പറഞ്ഞു. പിന്നതില്‍ തീമതിലിട്ടിട്ടുമതിയെനു പറഞ്ഞു. അങ്ങനെയെന്തൊക്കെ!
ഈ സംഗതി പഠിച്ചസ്ഥിതിക്കു് ഞാനൊരു കാര്യം തീരുമാനിക്കുകയും ചെയ്തു. ഇവന്‍ ചെയ്യരുതെന്നുപറയുന്നതിനെ ചെയ്യുക. ഇവനെ തോല്‍പ്പിക്കാനിതൊറ്റ വഴിയേയുള്ളൂ. ഇവനാണു പറയുന്നതെന്നുറപ്പിക്കാന്‍ സ്വല്പം റ്റ്രെയിനിങ് ആവശ്യമുണ്ടു്. അതു് തപാല്‍ വഴി പഠിപ്പിച്ചു കിട്ടാന്‍ കൂട്ടം കൂട്ടമായി നമ്മെ സമീപിക്കുക.
പിന്നെ വേറൊരു വഴിയുള്ളതു് ആരെങ്കിലും മടിയനെന്നു് വിളിക്കുന്നതുവരെ കാത്തിരിക്കുക എന്നതാണു്.ഇപ്പോള്‍ അപ്പണി സ്നേഹപൂര്‍വം ചെയ്ത ദേവനു് പടങ്ങള്‍ ഡെഡിക്കേറ്റുന്നു.
പടങ്ങളു താഴെ
എന്റെ നാടിന്റെ പടമാവട്ടെ ആദ്യം.
ഇവിടെ വലതുവശത്തായികാണുന്ന അമ്പലക്കുളത്തിന്റെ കരയിലുള്ള ആല്‍മരത്തിനു ചുവട്ടിലിരുന്നെടുത്ത പടം. വീടിനരികിലൂടെ ദൂരെകാണുന്ന ആല്‍മരം കണ്ണൂസ് സര്‍വകലാശാലയെന്നു വിശേഷിപ്പിച്ച ഈടുവെടിയാല്‍ ആകുന്നു. മാപിയയില്‍ അതു കാണാം.
കാവശ്ശേരി പൂരം നടക്കുന്ന നെല്പാടങ്ങളാണു് താഴെ. മുകളില്‍ അവിടത്തെ പ്രശാന്തസുന്ദരമായ ആകാശം.ഈ ആകാശത്തിനു താഴെ ആ കാണുന്ന കല്‍ചത്വരത്തിലിരുന്നാണു് ആകാശം മാത്രം അതിരുകളായുള്ള സ്വപ്നങ്ങള്‍ ഞങ്ങള്‍ നെയ്തിരുന്നതു്. ഞങ്ങള്‍ക്കുശേഷവും ഇന്നാട്ടുകാര്‍ അതിനെ സ്ക്വയര്‍ എന്നു വിളിക്കുന്നു.
നാട്ടില്‍ എവിടെ തിരിഞ്ഞാലും ഈ പറഞ്ഞ പണ്ടാറഭംഗിയാണു് എല്ലാമെടുത്തു് ഇവിടിടാന്‍ പറ്റില്ലല്ലോ. തെരഞ്ഞുപിടിച്ച ഒരു പുഷ്പം.
ഇതിനെ പകര്‍ത്താന്‍ നേരത്തു് ദുബായ്ക്കാര്‍ക്കെല്ലാം പ്രാന്താണെന്നു് ഒരു അശരീരി കേട്ടു. ( അചിന്ത്യാമ്മയ്ക്കെവിടാ ശരീരം??)
ഇതു് പാലക്കാടു് ഗോവിന്ദാപുരത്തിനടുത്തുള്ള സീതാര്‍കുണ്ടു് എന്ന നീരൊഴുക്കു്. വെള്ളച്ചാട്ടമെന്നും പറയും.
താഴെ അതിന്റെ താഴ്വരയിലെ ഒരു ദൃശ്യം.
ഇതിനടുത്തുള്ള എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നെടുത്ത പടം. മഴകാണാന്‍ കിട്ടാത്ത ദുബായ്ക്കാര്‍ക്കതിന്റെ പടം കൊണ്ടുകാണിക്കാമെന്നു വച്ചു് കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി കൊണ്ടുവന്നപ്പോള്‍ ഇവിടെ മഴ തകര്‍ത്തുപെയ്യുന്നു. :(
തല്‍ക്കാലം ഇത്രയും. ബാക്കി സമയം പോലെ.